പട്ടികജാതി വിഭാഗങ്ങളുടെ ലൈഫ് ഭവന പദ്ധതി വിഹിതം എട്ട് ലക്ഷമായി ഉയര്‍ത്തണം; പി.എ. അജയഘോഷ്

മുരിയാട്: പട്ടികജാതി വിഭാഗങ്ങളുടെ ലൈഫ് ഭവന പദ്ധതി ഏട്ട് ലക്ഷമായി ഉയര്‍ത്തണമെന്ന് കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് പി.എ. അജയഘോഷ് പറഞ്ഞു. മുരിയാട് യൂണിയന് കമ്മിറ്റി അശ്വതി ആര്‍ക്കിഡില്‍ സംഘടിപ്പിച്ച നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നൂറ് സ്വകയര്‍ ഫീറ്റ് തികച്ചില്ലാത്ത ബസ്റ്റോപ്പുകള്ക്ക് പത്തും പതിനഞ്ചും ലക്ഷം രൂപ ചെലവഴിക്കുന്ന സര്‍ക്കാര്‍ 450 അടി വിസ്തീര്‍ണ്ണമുള്ള വീട് വയ്ക്കുവാന്‍ നാല് ലക്ഷം രൂപയാണ് ധനസഹായമായി നല്‍കുന്നത്. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതില്‍ സാങ്കേതിക കാരണങ്ങളുടെ മറവില്‍ പല കുടുംബങ്ങളെയും ഒഴിവാക്കുന്ന പ്രവണത തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കോടിക്കണക്കിന് രൂപ ചിലവഴിക്കാതെ ലാപ്സാക്കി കളയുകയും ഫണ്ട് വകമാറ്റി ചിലവഴിക്കുന്നതും നിത്യ സംഭവങ്ങളായി തുടരുന്നു. കെപിഎംഎസ് ജില്ലയില്‍ നടത്തിക്കൊണ്ടിരിക്കുന്ന ഗൃഹ സന്ദര്‍ശന സര്‍വ്വേയില്‍ നിരവധി പരാതികളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്ന് അജയഘോഷ് കൂട്ടിച്ചേര്‍ത്തു. യൂണിയന് പ്രസിഡന്റ് സന്തോഷ് കാരാപ്പിള്ളി അധ്യക്ഷത വഹിച്ചു. സംസ്ഥാന യൂണിയന് ശാഖ നേതാക്കളെ യോഗം പൊന്നാട അണിയിച്ചും ഉപഹാരങ്ങള്‍ നല്‍കിയും ആദരിച്ചു. നേതാക്കളായ പി.എന്‍. സുരന്, പി.സി. രഘു, ശശി കൊരട്ടി, ഷാജു ഏത്താപ്പിള്ളി, കെ.പി. ശോഭന, ടി.കെ. സുബ്രന് തുടങ്ങിയവര്‍ സംസാരിച്ചു.