തണലല്ല, തലയാണ് പ്രധാനം; അപകടം നടന്നിട്ടു നടപടി എടുക്കുന്നതിനു പകരം അപകടം വരുന്നതിനു മുമ്പ് നടപടി എടുക്കണം അധികൃതരേ….
ഇരിങ്ങാലക്കുട: മരണഭീതി ഉയര്‍ത്തുന്ന പാഴ്മരങ്ങള്‍ മൂലം കാറളം ആലുംപറമ്പിലെ കടക്കാരുടെയും പൊതുജനങ്ങളുടെയും നെഞ്ചില്‍ തീയാണ്. മഴയും കാറ്റും കനത്തതോടെ അപകടഭീഷണി ഉയര്‍ത്തുകയാണ് കാറളം ആലുംപറമ്പിലെ തണല്‍ മരങ്ങള്‍. തണല്‍ മരങ്ങളുടെ ഭാരമേറിയ ചില്ലകള്‍ മിക്കതും ഭാരം കൂടി താഴേക്ക് വളഞ്ഞ് തൂങ്ങി നില്‍ക്കുകയാണ്. സമീപത്തെ ആല്‍മരത്തിന്റെ ശാഖകള്‍ പലതവണ പൊട്ടിവീഴുകയും ചെയ്തിട്ടുണ്ട്. ജംഗ്ഷനിലെ കടകള്‍ക്കു മുകളിലേക്കാണു മരങ്ങള്‍ ചാഞ്ഞുനില്‍ക്കുന്നത്.
ഇവിടത്തെ കടകളില്‍ ജോലി ചെയ്യുന്നവരും ഇവിടെയെത്തുന്ന നൂറുകണക്കിനു പൊതുജനങ്ങളും ഏറെ ഭീതിയിലാണ്. വലിയ ശിഖരങ്ങളുമായി തല ഉയര്‍ത്തി നില്ക്കുന്നവയിലേറെയും പെട്ടെന്ന് പൊട്ടി വീഴുന്നതിനു സാധ്യതയുള്ളവയാണെന്നാണു നാട്ടുകാരുടെ പരാതി. ഇതിനു സമീപമാണു കാറളം എഎല്‍പി സ്കൂളും അംഗന്‍വാടിയും പെട്രോള്‍ പമ്പും ഓട്ടോറിക്ഷ സ്റ്റാന്റും സ്ഥിതി ചെയ്യുന്നത്.
മഴ കൂടുമ്പോഴും കാറ്റടിക്കുമ്പോഴുമെല്ലാം ഇലയുടെ ഭാരം താങ്ങാനാവാതെ ചെറു ശിഖരങ്ങള്‍ പൊട്ടിവീഴുന്നുണ്ട്. ബസ് ഉള്‍പ്പടെ നിരവധി വാഹനങ്ങളാണ് ഈ റോഡിലുടെ ദിനംപ്രതി കടന്നുപോകുന്നത്. സമീപത്തുള്ള പെട്രോള്‍ പമ്പിലേക്കും നിരവധി വാഹനങ്ങള്‍ വരുന്നുണ്ട്. സ്കൂളിലേക്കും അമഗന്വാടിയിലേക്കും കുട്ടികള്‍ ഈ മരചുവടിലൂടെയാണ് നടന്നു പോകുന്നത്. മരത്തിന്റെ അവസ്ഥ അപകടകരമാണെന്ന് നാട്ടുകാര്‍ പഞ്ചായത്തധികൃതരെ അറിയിച്ചീട്ടുണ്ട്. ഈ അപകടാവസ്ഥയിലുള്ള മരം മുറിച്ച് മാറ്റണമെന്നാണ് നാട്ടുക്കാരുടെ ആവശ്യം.