എംഡിഎംഎയുമായി സ്കൂബ ഡ്രൈവര്‍ പോലീസ് പിടിയില്‍
ഇരിങ്ങാലക്കുട: കരുവന്നൂര്‍ തേലപ്പിള്ളിയില്‍ നിന്നും 20 ഗ്രാം എംഡിഎംഎയും മോട്ടോര്‍ സൈക്കിളും സഹിതം യുവാവിനെ തൃശൂര്‍ റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീമും ഇരിങ്ങാലക്കുട പോലീസും ചേര്‍ന്ന് പിടികൂടി. ചേര്‍പ്പ് പെരുമ്പിള്ളിശേരി വള്ളിയില്‍ വീട്ടില്‍ ശ്യാം (24) എന്നയാളാണ് തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് തൃശൂര്‍ റൂറല്‍ ഡാന്‍സാഫ് സംഘവും ഇരിങ്ങാലക്കുട പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തില്‍ അറസ്റ്റിലായത്.
തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി നവനീത് ശര്‍മ്മ ഐപിഎസിന്റെ നിര്‍ദേശപ്രകാരം ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ഉല്ലാസ്കുമാര്‍, ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി. സുരേഷ് എന്നിവരുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട സിഐ അനീഷ് കരീം, ഉദ്യോഗസ്ഥരായ ക്ളീറ്റസ്, പ്രസന്നകുമാര്‍, സി.ആര്. പ്രദീപ്, പി. ജയകൃഷ്ണന്, ടി.ആര്. ഷൈന്‍, സൂരജ് വി. ദേവ്, പി.എക്സ്. സോണി, എം.വി. മാനുവല്‍, കെ.ജെ. ഷിന്റോ, എ.ബി. നിഷാന്ത്, കെ.വി. ഉമേഷ്, എ.കെ. രാഹുല്‍, അഭിലാഷ്, ലൈജു എന്നിവരും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
ഇരിങ്ങാലക്കുടയിലേയും പരിസരപ്രദേശങ്ങളിലേയും വിദ്യാര്‍ഥികള്‍ക്ക് വില്‍പ്പന നടത്തുന്നതിന് വേണ്ടിയാണ് പ്രതി എംഡിഎംഎ കൊണ്ടുവന്നതെന്നും കൈമാറുന്നതിനായി കാത്തുനില്ക്കുന്ന സമയത്താണ് പ്രതി പോലീസിന്റെ പിടിയില്പെടുന്നതെന്നും പോലീസ് അറിയിച്ചു. തൃശൂര്‍ മേഖലയില്‍ മയക്കുമരുന്നിന്റെ മൊത്തക്കച്ചവടക്കാരില്‍ പ്രധാനിയാണ് ഇയാള്‍. ആര്‍ക്കൊക്കെയാണ് ഇയാള്‍ എംഡിഎംഎ വില്പന നടത്തുന്നതെന്നും ആരൊക്കെയാണ് ഇതിന്റെ ഉപഭോക്താക്കള്‍ എന്നും പോലീസ് അന്വേഷിച്ചുവരികയാണ്.