കാലിക്കട്ട് സര്‍വ്വകലാശാലയുടെ കായിക കിരീടം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിന്
ഇരിങ്ങാലക്കുട: കാലിക്കട്ട് സര്‍വ്വകലാശാലയുടെ 2023 24 അധ്യയനവര്‍ഷത്തെ കായിക കിരീടം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് സ്വന്തമാക്കി. തുടര്‍ച്ചയായി എട്ടാം തവണയാണ് ക്രൈസ്റ്റ് കോളജ് കായിക മികവിന്റെ ഈ കിരീടം സ്വന്തമാക്കുന്നത്. പുരുഷ, വനിതാ വിഭാഗങ്ങളില്‍ മികച്ച വിജയങ്ങള്‍ സ്വന്തമാക്കിയാണ് ക്രൈസ്റ്റ് സര്‍വകലാശാലാ തലത്തില്‍ ഒന്നാമതെത്തിയത്.
ആരോഗ്യമുള്ള ഒരു യുവതയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കോളജ് മാനേജ്മെന്റിന്റെയും പരിശീലകരുടെയും വിദ്യാര്‍ഥികളുടെയും ഒത്തൊരുമിച്ചുള്ള പരിശ്രമമാണ് ക്രൈസ്റ്റ് കോളജിനെ കായിക രംഗത്ത് തുടര്‍ച്ചയായി ഒന്നാംസ്ഥാനത്ത് നിലനിര്‍ത്തുന്നത്. കേരള സ്പോര്‍ട്സ് കൗണ്‍സിലിന്റെ അഞ്ച് ടീമുകള്‍ ക്രൈസ്റ്റ് കോളജില്‍ പരിശീലിക്കുന്നു. കേരള സ്പോര്‍ട്സ് കൗണ്‍സിലിന്റെ അകമഴിഞ്ഞ പിന്തുണയും പരിശീലകരുടെയും കായികതാരങ്ങളുടെയും ചിട്ടയായ പരിശീലനവും പ്രകടനവും ക്രൈസ്റ്റ് കോളജിന്റെ വിജയത്തിന് പിന്നിലുണ്ട്.
ദീര്‍ഘകാലം ക്രൈസ്റ്റ് കോളജില്‍ കായിക അധ്യാപകനും ഇപ്പോള്‍ കോളജിന്റെ മാനേജറുമായ ഫാ. ജോയ് പീണിക്കപ്പറമ്പിലിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങളുടെ ഫലം കൂടിയാണ് കായിക രംഗത്തുള്ള ക്രൈസ്റ്റിന്റെ വളര്‍ച്ച. സര്‍വകലാശാലാ തലത്തിലുള്ള മത്സരങ്ങളില്‍ മികച്ച പ്രകടനത്തോടൊപ്പം ദേശീയ, അന്തര്‍ദേശീയ തലങ്ങളിലുള്ള വിജയങ്ങളും ക്രൈസ്റ്റിന്റെ വിജയത്തില്‍ നിര്‍ണായകമായി.
പ്രതിഭയുള്ള താരങ്ങളെ കണ്ടെത്തുന്നതിനും അവര്‍ക്ക് മികച്ച പരിശീലനം ഒരുക്കുന്നതിനും കോളജ് കായിക വിഭാഗം മേധാവി ഡോ. ബിന്റു ടി. കല്യാണ്‍, അധ്യാപകരായ ഡോ. കെ.എം. സെബാസ്റ്റ്യന്‍, എം.എന്‍. നിതിന്‍ എന്നിവരും പ്രത്യേകം ശ്രദ്ധ പതിപ്പിക്കുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും കായികരംഗത്ത് തുല്യപ്രാധാന്യത്തോടെ നല്കുന്ന പരിശീലനമാണ് ഇരുവിഭാഗങ്ങളിലും മികച്ച് നില്ക്കാന് ക്രൈസ്റ്റിനെ സഹായിക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് അഭിപ്രായപ്പെട്ടു.
കാലിക്കട്ട് സര്‍വ്വകലാശാല ആസ്ഥാനത്ത് വച്ച് നടത്തപ്പെട്ട പരിപാടിയില്‍ വൈസ് ചാന്‍സിലര്‍ പ്രഫ. ഡോ. പി. രവീന്ദ്രനില്‍നിന്ന് പ്രിന്‍സിപ്പലും അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് കായിക മികവിന്റെ കിരീടം ഏറ്റുവാങ്ങി.