മാലിന്യ മുക്ത നവകേരളം കെഎസ്ടിഎ ജില്ലാതല ശില്പശാല നടത്തി
ഇരിങ്ങാലക്കുട: മാലിന്യ മുക്ത വിദ്യാലയങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനും അതിനായി അധ്യാപകരുടെ നേതൃത്വത്തില്‍ കര്‍മപരിപാടികള്‍ ആവിഷ്കരിക്കാനും കെഎസ്ടിഎ തൃശൂര്‍ ജില്ലാതല ശില്പശാല തീരുമാനിച്ചു. സ്നേഹാരാമം, തണ്ണീര്‍ പന്തല്‍, കിളികള്‍ക്ക് ദാഹജലം, പച്ചത്തുരുത്ത്, ശലഭോദ്യാനം, ശുചിത്വ പ്രവര്‍ത്തനങ്ങള്‍ എന്നിവ വിദ്യാലയങ്ങളില്‍ യാഥാര്‍ത്ഥ്യമാക്കും. ഒക്ടോബര്‍ 2 ന് ഗാന്ധി ജയന്തി ദിനത്തില്‍ തുടങ്ങി മാര്‍ച്ച് 30 ഇന്റര്‍നാഷണല്‍ സീറോ വേയ്സ്റ്റ് ദിനം വരെ നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് കെഎസ്ടിഎ വിവിധ വിദ്യാലയങ്ങളില്‍ സംഘടിപ്പിക്കും.
കെഎസ്ടിഎ ജില്ലാ ഹാളില്‍ നടന്ന ശില്പശാലയില് ജില്ലാ പ്രസിഡന്റ് ഡെന്നി കെ. ഡേവിഡ് അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സി. അംഗം സി.എ. നസീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാതല മാലിന്യ മുക്തനവകേരളം റിസോഴ്സ് പേഴ്സണ്‍ ദേവി ഒല്ലൂക്കര ക്ലാസ് നയിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സാജന് ഇഗ്നേഷ്യസ്, ടി.എം. ലത, ദീപാ ആന്റണി തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ സെക്രട്ടറി കെ. പ്രമോദ് സ്വാഗതവും സബ് കമ്മിറ്റി കണ്‍വീനര്‍ ലിജോ ലൂയിസ് നന്ദിയും പറഞ്ഞു.