കൊറോണ മഹാമാരിയില്‍ കരുണയുടെ ഹസ്തവുമായി താഴേക്കാട് ഇടവക
താഴെക്കാട്: കൊറോണ പകര്‍ച്ചവ്യാധി കൊടുമ്പിരി കൊണ്ടിരിക്കുമ്പോള്‍ താഴെക്കാട് പള്ളി തകര്‍ന്നു വീഴാറായ വീട് പണിതു നല്കി മാതൃകയായി. ആറു ലക്ഷം രൂപ ചെലവഴിച്ച് താഴെക്കാട് ഇടവകയിലുള്ള ഉദാരമതികള്‍ കുടുംബ ക്ഷേമനിധി വഴി പണിത വീട് ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ വെഞ്ചരിച്ചു താക്കോല്‍ദാനം നിര്‍വഹിച്ചു. ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ നൈസണ്‍ നാടമുറിച്ച് ഗൃഹപ്രവേശം നടത്തി. ഓണ്‍ലൈന്‍ പൊതു മീറ്റിംഗില്‍ ആര്‍ച്ച് പ്രീസ്റ്റ് ഫാ. ജോണ്‍ കവലക്കാട്ട് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് വികാരി ഫാ. ഡോഫിന്‍ കാട്ടുപറമ്പില്‍, ആളൂര്‍ പഞ്ചായത്ത് മെമ്പര്‍ മിനി ജോണ്സണ്, കുടുംബ സമ്മേളന കേന്ദ്രസമിതി പ്രസിഡന്റ് ജോജു എളംക്കുന്നപ്പുഴ, കൈക്കാരന് മാത്യൂസ് കരേടന്, ജനറല്‍ കണ്‍വീനര്‍ ദേവസിക്കുട്ടി കുറ്റിക്കാടന്‍ എന്നിവര്‍ പ്രസംഗിച്ചു. ലോക്ക് ഡൗണ്‍ ആരംഭിച്ചതു മുതല്‍ താഴെക്കാട് ഇടവകയില്‍ കുടുംബ ക്ഷേമനിധിയുടെ ആഭിമുഖ്യത്തില്‍ 10 ലക്ഷം രൂപയുടെ കാരുണ്യപ്രവര്‍ത്തികള്‍ നാനാജാതി മതസ്ഥര്‍ക്കു കാഴ്ച വെച്ചുവെന്നു ആര്‍ച്ച് പ്രീസ്റ്റ് അറിയിച്ചു.