മലയാളികളുടെ മാതൃഭാഷയോടുളള അലംഭാവം ലജ്ജാകരം- എം.പി. സുരേന്ദ്രന്

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സംസ്ഥാന തലത്തില്‍ ഏര്‍പ്പെടുത്തിയ ഡോ. സെബാസ്റ്റ്യന്‍ ജോസഫ് രചനാനൈപുണി അവാര്‍ഡ് മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് എം.പി.സുരേന്ദ്രന് കുറവിലങ്ങാട് ദേവമാത കോളജ് വിദ്യാര്‍ഥിനി റോസ്മെറിന്‍ ജോജോയ്ക്കു സമ്മാനിക്കുന്നു.
ഇരിങ്ങാലക്കുട: മലയാളികള്‍ ഭാഷാഭിമാനമില്ലാത്തവരായി മാറിയിരിക്കുന്നു എന്നും മാതൃഭാഷയുടെ കാര്യത്തില്‍ പ്രകടമാകുന്ന അലംഭാവം അത്യന്തം ലജ്ജാകരമാണെന്നും മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് എം.പി. സുരേന്ദ്രന് അഭിപ്രായപ്പെട്ടു. മലയാളം ബിഎ പഠനത്തിന്റെ ഭാഗമായുള്ള പ്രബന്ധത്തിന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് സംസ്ഥാന തലത്തില്‍ ഏര്‍പ്പെടുത്തിയ ഡോ. സെബാസ്റ്റ്യന്‍ ജോസഫ് രചനാനൈപുണി അവാര്‍ഡ് കുറവിലങ്ങാട് ദേവമാത കോളജ് വിദ്യാര്‍ഥിനി റോസ്മെറിന്‍ ജോജോയ്ക്കും കോളജ് തലത്തിലുള്ള പുരസ്കാരം സെലിന് റോസ് ബെന്നിക്കും സമര്‍പ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളികളുടെ ഭാഷാവബോധത്തെ പുഷ്ടിപ്പെടുത്തുന്നതില്‍ മലയാളത്തിലെ പത്രമാസികകള്‍ വലിയ പങ്ക് വഹിച്ചിരുന്നു. ആശയ വിനിമയ ഉപാധിയായ മൊബൈല്‍ ഫോണുകളെ നേരമ്പോക്കിനുള്ള കുറുക്കുവഴിയാക്കിയ മലയാളികള്‍ ഗൗരവമുള്ള പുസ്തക പാരായണത്തിലേക്ക് തിരികെ വരണമെന്ന് അദ്ദേഹം പറഞ്ഞു. കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ് അധ്യക്ഷത വഹിച്ചു. ഡോ. സി.വി. സുധീര്‍, ഡോ. സെബാസ്റ്റ്യന്‍ ജോസഫ്, ഡോ. മിനി സെബാസ്റ്റ്യന്‍, പ്രഫ. സിന്റോ കോങ്കോത്ത്, റോസ്മെറിന്‍ ജോജോ, സെലിന് റോസ് ബെന്നി എന്നിവര്‍ സംസാരിച്ചു