ഇറിഡിയം നിക്ഷേപ തട്ടിപ്പ്; നിക്ഷേപകന് പോലീസില്‍ പരാതി നല്കി

ഇറിഡിയം തട്ടിപ്പില്‍ നിക്ഷേപകര്‍ നല്കുന്ന രേഖ.
തൃശൂര്‍, പാലക്കാട് ജില്ലകളിലായി 500 കോടിയിലധികം രൂപയുടെ തട്ടിപ്പ്
ഇരിങ്ങാലക്കുട: ഇറിഡിയം നിക്ഷേപ തട്ടിപ്പില്‍ നിക്ഷേപകന് പോലീസില്‍ പരാതി നല്കി. കുഴിക്കാട്ടു കോണം സ്വദേശി കൊരമ്പില്‍ വീട്ടില്‍ മനോജ് ആണ് പരാതി നല്‍കിയിരിക്കുന്നത്. പണം കൈപറ്റിയ ഇരിങ്ങാലക്കുട കണ്ടേശ്വരം സ്വദേശിനിക്കെതിരെയും ടീം ലീഡറായ യുവതിക്കെതിരെയും ഡ്രൈവര്‍ക്കതിരെയുമാണ് പരാതിക്കാരന് മൊഴി നല്‍കിയത്. 2019 ല്‍ പണം നിക്ഷപിച്ചുവെന്നാണ് പരാതിയിലുള്ളത്. പരാതിക്കാരനായ മനോജിന്റെ വീട് ഇപ്പോള്‍ ജപ്തിയിലാണ്.
കഴിഞ്ഞ ദിവസം നഗരസഭ കൗണ്‍സിലര്‍ ടി.കെ. ഷാജു ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. പണം നഷ്ടപ്പെട്ട ആരെങ്കിലും പരാതി നല്കിയാല് തുടര്‍നടപടികള്‍ സ്വീകരിക്കാം എന്നായിരുന്നു പോലീസ് നല്കിയ മറുപടി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് നിക്ഷേപകര്‍ തന്നെ രംഗത്തെത്തിയതും പണം നഷ്ടപ്പെട്ട മനോജ് പരാതി നല്കിയതും.
തൃശൂര്‍, പാലക്കാട് ജില്ലകള്‍ കേന്ദ്രീകരിച്ചുകൊണ്ടായിരുന്നു ഈ തട്ടിപ്പ് നടത്തിയത്. അതില്‍ മൂന്നുപീടിക സ്വദേശിയാണ് ഈ തട്ടിപ്പിലെ പ്രധാന കണ്ണി. കോല്‍ക്കത്തയിലെ മഠത്തിന്റെ സ്ഥാനപതിയാണ് താനെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് ഭക്തിമാര്‍ഗം കൂടി മുന്‍നിര്‍ത്തിയിട്ടായിരുന്നു ഈ തട്ടിപ്പിന് കളമൊരുക്കിയത്. നിക്ഷേപകരില്‍ പലരും ആത്മഹത്യയുടെ വക്കിലാണ്. തട്ടിപ്പ് നടത്തിയവര്‍ നാടു വിടാതിരിക്കുന്നതിനുള്ള നടപടികള്‍ പോലീസ് നടത്തുന്നുണ്ട്. ഇവരുടെ വീടും ബന്ധുക്കളും പോലീസ് നിരീക്ഷണത്തിലാണ്. ഇന്ന് കേസ് രജിസ്റ്രര്‍ ചെയ്യുമെന്ന് പോലീസ് പറഞ്ഞു.
വെള്ളക്കടലാസില്‍ ഇന്ത്യന്‍ കറന്‍സിയൊട്ടിച്ച് ഒപ്പിട്ട് നല്‍കും; തട്ടിപ്പുരീതികള്‍ പലത്
വിവിധ ബാങ്കുകളില്‍ ഉടമസ്ഥര്‍ മരിച്ചുപോയ അക്കൗണ്ടുകളുണ്ട്. ആ അക്കൗണ്ടുകളിലെ പണം ട്രസ്റ്റിലേക്ക് കൊണ്ടുവരും. പിന്നീട് അത് എല്ലാവര്ക്കും വീതിച്ചുനല്‍കും. അതിന്റെ ചെലവിലേക്കായി ആദ്യം ഒരു നിക്ഷേപസമാഹരണം നടത്തുന്നു. അതിനു പിന്നാലെ ഇറിഡിയം വഴി ഒരു ബിസിനസ് തങ്ങള്‍ നടത്തുകയാണ്. അതിന്റെ ഭാഗമായി വലിയ തുകകള്‍ നിക്ഷേപിക്കുകയാണെങ്കില്‍ വലിയ മൂലധനമായി തിരികെ നല്‍കാം. അതായത് 5000രൂപ നിക്ഷേപിക്കുകയാണെങ്കില്‍ അഞ്ചുകോടി രൂപ നല്‍കാം എന്നാണ് വാഗ്ദാനം നല്‍കിയത്.
റിസര്‍വ് ബാങ്കുമായാണ് ഇടപാടെന്നും നിക്ഷേപത്തിനുളള പ്രതിഫലം എന്ന് കിട്ടുമെന്ന് കാണിച്ചുള്ള റിസര്‍വ് ബാങ്കിന്റെ വ്യാജ രേഖയും നല്‍കാറുണ്ട്. ഇന്ത്യയില്‍ ഇറിഡിയം ലോഹം കണ്ടുപിടിക്കുകയും ഈ ലോഹത്തിന്റെ വില്പനക്ക് നിക്ഷേപം നടത്തിയാല്‍ കോടികള്‍ ലാഭവിഹിതമായി തിരിച്ചു ലഭിക്കുമെന്നു പറഞ്ഞുള്ള തട്ടിപ്പാണ് മറ്റൊന്ന്. ഇറിഡിയം വിദേശ രാജ്യങ്ങള്‍ക്ക് വില്‍ക്കുന്നതിന് നികുതി അടക്കുവാന്‍ പണം ആവശ്യമാണ്. ഈ നികുതി അടക്കുന്നതിനുള്ള പണമാണ് ജനങ്ങളില്‍ നിന്നും നിക്ഷേപമായി സ്വീകരിക്കുന്നത്.
ഇറിഡിയം വില്പന നടക്കുമ്പോള്‍ ലഭിക്കുന്ന ലാഭവിഹിതം നിക്ഷേപതുകയുടെ വിഹിതമനുസരിച്ച് നിക്ഷേപകര്‍ക്ക് തിരികെ നല്‍കുമെന്നാണ് ഇവര്‍ പറഞ്ഞ് വിശ്വസിപ്പിച്ചത്. വെള്ളകടലാസില്‍ ഇന്ത്യന്‍ കറന്‍സികള്‍ ഒട്ടിച്ച് നല്‍കുന്നതാണ് നിക്ഷേപകന് നല്കുന്ന രേഖ. തട്ടിപ്പ് നടത്താനായി വലിയ ഹോട്ടലുകളില്‍ യോഗം ചേരുകയും ഏജന്റുമാരുടെ ശൃംഖലയുണ്ടാക്കുകയും അവര്‍ക്ക് കമ്മീഷന് നല്‍കിയുമാണ് വലിയ തുക സമാഹരിച്ചിരുന്നത്.