ഇറിഡിയം നിക്ഷേപ തട്ടിപ്പ്; പോലീസ് കേസെടുത്തു. തട്ടിപ്പിന് ഇരയായവരില്‍ പ്രവാസികളും

ഭക്തിമാര്‍ഗവും മന്ത്രിമാരുമായുള്ള ബന്ധവും മുന്‍നിര്‍ത്തിയാണ് തട്ടിപ്പ്
ഇരിങ്ങാലക്കുട: ഇറിഡിയം നിക്ഷേപ തട്ടിപ്പില്‍ നിക്ഷേപകന് നല്കിയ പരാതിയില്‍ പോലീസ് കേസെടുത്തു. പെരിഞ്ഞനം സ്വദേശി ഹരിസ്വാമി, സഹോദരി ഇരിങ്ങാലക്കുട സ്വദേശി ജിഷ, മാപ്രാണം സ്വദേശി പ്രസീത എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കുഴിക്കാട്ടു കോണം സ്വദേശി കൊരമ്പില്‍ വീട്ടില്‍ മനോജ് ആണ് പരാതി നല്‍കിയിരിക്കുന്നത്. മനോജിന്റെ 31000 രൂപ വിശ്വാസ വഞ്ചന നടത്തി തട്ടിയെടുത്തു വെന്നാണ് കേസ്. 2019 ല്‍ ലാണ് മനോജിന്റെ പക്കല്‍ നിന്നും ഇവര്‍ പണം വാങ്ങിയത്.
കല്‍ക്കത്തയിലെ ഒരു മഠത്തിന്റെ മഠാധിപതി ആവാന്‍ പോവുകയാണെന്നും ബാങ്കുകളില്‍ അനാഥമായി കിടക്കുന്ന പണം പാവങ്ങളിലേക്ക് എത്തിക്കുന്നതിനായി ഒരു ട്രസ്റ്റ് രൂപികരിക്കുന്നതിന് ഉയര്‍ന്ന ലാഭ വിഹിതം നല്‍കാമെന്നും ഇറിഡിയം ലോഹം വിദേശത്തേക്ക് കയറ്റി അയച്ചിട്ടുണ്ടെന്നും അതിന്റെ ഫണ്ട് ലഭിക്കുന്ന മുറക്ക് പണം തിരികെ നല്‍കാമെന്നും പറഞ്ഞാണ് പണം വാങ്ങിയത്. നാളിത് വരെയായി പണം തിരികെ നല്‍കാതെ വന്നപ്പോഴാണ് പോലീസില്‍ പരാതി നല്‍കിയതെന്ന് മനോജ് പറഞ്ഞു.
പരാതിക്കാരനായ മനോജിന്റെ വീട് ഇപ്പോള്‍ ജപ്തിയിലാണ്. പെരിഞ്ഞനം സ്വദേശി ഹരിസ്വാമിയാണ് ഈ തട്ടിപ്പിലെ പ്രധാന കണ്ണി. കോല്‍ക്കത്തയിലെ മഠത്തിന്റെ സ്ഥാനപതിയാണ് താനെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് ഭക്തിമാര്‍ഗം കൂടി മുന്‍നിര്‍ത്തിയിട്ടായിരുന്നു ഈ തട്ടിപ്പിന് കളമൊരുക്കിയത്. നിക്ഷേപകരില്‍ പലരും ആത്മഹത്യയുടെ വക്കിലാണ്. ഏജന്റുമാരുടെ ശൃംഖലയുണ്ടാക്കുകയും അവര്‍ക്ക് കമ്മീഷന് നല്‍കിയുമാണ് വലിയ തുക സമാഹരിച്ചിരുന്നത്.
അതിനായി തട്ടിപ്പ് നടത്താനായി വലിയ ഹോട്ടലുകളില്‍ യോഗം ചേരുകയും ചെയ്യും. പ്രവാസികളും വിദ്യാസമ്പന്നരും ഇരിങ്ങാലക്കുട ടൗണിലെ പ്രധാന ബിസിനസുക്കാരും രാഷ്ട്രീയ പ്രമുഖരും തട്ടിപ്പിനിരയായവരിലുള്പ്പെട്ടീട്ടുണ്ട്. മാനക്കേടും പണത്തിന്റെ ഉറവിടം കാണിക്കേണ്ടിവരുമോ ഭയവും കാരണം പണം നഷ്ടപ്പെട്ട പലരും പരാതിയുമായി രംഗത്തുവരുവാന്‍ മടിക്കുകയാണ്.
ഡെഡ് മണിയുടെ പേരിലും തട്ടിപ്പ്; വെള്ളക്കടലാസില്‍ ഇന്ത്യന്‍ കറന്‍സിയൊട്ടിച്ച് ഒപ്പിട്ട് നല്‍കും;
വിവിധ ബാങ്കുകളില്‍ ഉടമസ്ഥര്‍ മരിച്ചുപോയ അക്കൗണ്ടുകളുണ്ട്. അനന്തരാവാശികളില്ലാതെ കിടക്കുന്ന ഈ അക്കൗണ്ടുകളിലെ പണം ട്രസ്റ്റിലേക്ക് കൊണ്ടവരും. പിന്നീട് അത് എല്ലാവര്ക്കും വീതിച്ചുനല്‍കും. അതിന്റെ ചെലവിലേക്കായി ആദ്യം ഒരു നിക്ഷേപസമാഹരണം നടത്തുന്നു. അതിനു പിന്നാലെ ഇറിഡിയം വഴി ഒരു ബിസിനസ് തങ്ങള്‍ നടത്തുകയാണ്. അതിന്റെ ഭാഗമായി വലിയ തുകകള്‍ നിക്ഷേപിക്കുകയാണെങ്കില്‍ വലിയ മൂലധനമായി തിരികെ നല്‍കാം. അതായത് 5000രൂപ നിക്ഷേപിക്കുകയാണെങ്കില്‍ അഞ്ചുകോടി രൂപ നല്‍കാം എന്നാണ് വാഗ്ദാനം നല്‍കിയത്.
റിസര്‍വ് ബാങ്കുമായാണ് ഇടപാടെന്നും നിക്ഷേപത്തിനുള്ള പ്രതിഫലം എന്ന് കിട്ടുമെന്ന് കാണിച്ചുള്ള റിസര്‍വ് ബാങ്കിന്റെ വ്യാജ രേഖയും നല്‍കാറുണ്ട്. ഇന്ത്യയില്‍ ഇറിഡിയം ലോഹം കണ്ടുപിടിക്കുകയും ഈ ലോഹത്തിന്റെ വില്പനക്ക് നിക്ഷേപം നടത്തിയാല്‍ കോടികള്‍ ലാഭവിഹിതമായി തിരിച്ചു ലഭിക്കുമെന്നു പറഞ്ഞുള്ള തട്ടിപ്പാണ് മറ്റൊന്ന്. ഇറിഡിയം വിദേശ രാജ്യങ്ങള്‍ക്ക് വില്‍ക്കുന്നതിന് നികുതി അടക്കുവാന്‍ പണം ആവശ്യമാണ്. ഈ നികുതി അടക്കുന്നതിനുള്ള പണമാണ് ജനങ്ങളില്‍ നിന്നും നിക്ഷേപമായി സ്വീകരിക്കുന്നത്.
ഇറിഡിയം വില്പന നടക്കുമ്പോള്‍ ലഭിക്കുന്ന ലാഭവിഹിതം നിക്ഷേപതുകയുടെ വിഹിതമനുസരിച്ച് നിക്ഷേപകര്‍ക്ക് തിരികെ നല്‍കുമെന്നാണ് ഇവര്‍ പറഞ്ഞ് വിശ്വസിപ്പിച്ചത്. വെള്ളകടലാസില്‍ ഇന്ത്യന്‍ കറന്‍സികള്‍ ഒട്ടിച്ച് നല്‍കുന്നതാണ് നിക്ഷേപകന് നല്കുന്ന രേഖ. ഈ രേഖയില്‍ എത്ര പണം നിക്ഷപിച്ചുവെന്ന് എഴുതി ഒപ്പിട്ടു നല്‍കുകയാണ് ചെയ്യുന്നത്. തട്ടിപ്പ് നടത്തിയവര്‍ നാടു വിടാതിരിക്കുന്നതിനുള്ള നടപടികള്‍ പോലീസ് നടത്തുന്നുണ്ട്. ഇവരുടെ വീടും പരിസരവും പോലീസ് നിരീക്ഷണത്തിലാണ്.
നിക്ഷപകരുടെ യോഗം ചേര്‍ന്നു; ഇ.ഡി ക്കു ഇന്നു പരാതി കൈമാറും
തട്ടിപ്പിനിരയായി പണം നഷ്ടപ്പെട്ടവരുടെ യോഗം നടന്നു. പണം നഷ്ടപ്പെട്ടവര്‍ വിവിധ പോലീസ് സ്റ്റഷനുകളില്‍ പരാതി നല്‍കും. തൃശൂര്‍, പലക്കാട്, എറണാക്കുളം, ആലപ്പുഴ എന്നീ ജില്ലയിലുള്ളവരാണ് പ്രധാനമായും തട്ടിപ്പിനിരയായിട്ടുള്ളത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി.) തട്ടിപ്പിനരയായവര്‍ പരാതി നല്‍കും. പ്രാധാന മന്ത്രിയുടെയും കോന്ദ്ര മന്ത്രിമാരുമായും ബന്ധമുണ്ടന്നും വ്യാജ തെളിവുകള്‍ നിരത്തിയാണ് തട്ടിപ്പ് നടത്തിയതെന്ന് പരാതിക്കാര്‍ പറഞ്ഞു. ഇതിനിടയില്‍ പരാതിയുമായി രംഗത്തുവരുന്നവരെ നിക്ഷേപതുക തിരികെ നല്‍കാമെന്നു പറഞ്ഞു പിന്തിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഈ മാസം 25 നും 30 നുമിടയില്‍ പണം തിരികെ നല്‍കാമെന്നാണ് ഇപ്പോള്‍ നല്കുന്ന ഉറപ്പ്