ഗുരുദേവ പ്രതിമക്കു നേരെ ആക്രമണം, മണിക്കൂറുകള്‍ക്കകം പ്രതി പിടിയില്‍
ഇരിങ്ങാലക്കുട: എടതിരിഞ്ഞിയില്‍ ഗുരുദേവ പ്രതിമക്കു നേരെ ആക്രമണം. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം പ്രതി പിടിയിലായി. എടതിരിഞ്ഞി മരോട്ടിക്കല്‍ പ്രദേശത്ത് സംസ്ഥാന പാതയോടു ചേര്‍ന്നുള്ള ഗുരുദേവ പ്രതിമക്കു നേരെയാണു ആക്രമണം ഉണ്ടായത്. സംഭവത്തില്‍ എടതിരിഞ്ഞി എടച്ചാലി വീട്ടില്‍ സഹിലി (23) നെ പോലീസ് അറസ്റ്റു ചെയ്തു. ആക്രമത്തില്‍ പ്രതിമയുടെ കഴുത്തിനു നാശം സംഭവിച്ചിട്ടുണ്ട്. ഗുരുദേവ മന്ദിരത്തിന്റെ ചില്ലും തകര്‍ന്നിട്ടുണ്ട്. പോട്ട-മൂന്നുപീടിക റോഡില്‍ എടതിരിഞ്ഞി പോസ്റ്റോഫീസ് ജംഗ്ഷനടുത്താണു ഗുരുമന്ദിരം സ്ഥിതി ചെയ്യുന്നത്. സംഭവമറിഞ്ഞ് കാട്ടൂരില്‍ നിന്നും പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ വലിയ ശബ്ദം കേട്ടതായി സമീപവാസികള്‍ പറഞ്ഞു. റൂറല്‍ എസ്പി വിശ്വനാഥന്റെ നിര്‍ദേശപ്രകാരം കാട്ടൂര്‍ സിഐ എം.കെ. സജീവന്, എസ്ഐ വി.വി. വിമല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ അറസ്റ്റു ചെയ്തത്. സിസിടിവി ക്യാമറ ദൃശങ്ങളുടെ സഹായത്തോടെ പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് പ്രതിയെ വീട്ടിലെത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി പത്തരയ്ക്കു ശേഷം മദ്യപിച്ച് വീട്ടിലേക്കു മടങ്ങുന്നതിനിടയില്‍ പ്രതി ഗുരുദേവമന്ദിരത്തിനു നേരെ കല്ലെറിയുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. ഉദ്യോഗസ്ഥരായ പ്രസാദ്, ഷാനവാസ്, സന്ദീപ്, വിനീത്, ഫെബിന്, വിജേഷ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. രാവിലെ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. നാലു വര്‍ഷം മുമ്പും സമാന രീതിയില്‍ ആക്രമണം നടന്നിട്ടുണ്ട്. ഈ സംഭവത്തിലെ പ്രതികളെ ഇതുവരെയും പിടികൂടിയിട്ടില്ല. സംഭവത്തില്‍ പ്രതിഷേധിച്ച് മുകുന്ദപുരം എസ്എന്‍ഡിപി യൂണിയന് പ്രകടനം നടത്തി. മുകുന്ദപുരം എസ്എന്‍ഡിപി യൂണിയന് പ്രസിഡന്റ് സന്തോഷ് ചെറാക്കുളം, സെക്രട്ടറി കെ.കെ. ചന്ദ്രന്, യോഗം കൗണ്‍സിലര്‍ പി.കെ. പ്രസന്നന്, ശാഖാ പ്രസിഡന്റ് പീതാംബരന് എടച്ചാലി, സെക്രട്ടറി എം.വി. പ്രദീപ്കുമാര്‍, ശിവദാസ് ശാന്തി എന്നിവര്‍ പ്രസംഗിച്ചു. സംഭവത്തില്‍ എച്ച്ഡിപി സമാജം പ്രസിഡന്റ് ഭരതന് കണ്ടേങ്കാട്ടില്‍ പ്രതിഷേധമറിയിച്ചു.