അമേരിക്കന്‍ മലയാളിക്ക് പല്ലാവൂര്‍ കര്‍മശ്രേഷ്ഠ പുരസ്കാരം
ഇരിങ്ങാലക്കുട: 11-ാമത് ദേശീയ പല്ലാവൂര്‍ താലവാദ്യമഹോത്സവത്തോടനുബന്ധിച്ചുള്ള പ്രഥമ പല്ലാവൂര്‍ കര്‍മശ്രേഷ്ട പുരസ്കാരം മലയാളിയും അമേരിക്കയിലെ ഡെട്രായൂട് മിഷിഗണ്‍ കലാക്ഷേത്രയുടെ ഡയറക്ടറുമായ രാജേഷ് നായര്‍ക്ക്. കോവിഡ് മൂലം കലാവതരണം നഷ്ടപ്പെട്ട നിരവധി കലാകാരന്മാര്ക്കും രോഗബാധിതര്‍ക്കും ഇപ്പോഴും ഇവര്‍ സാമ്പത്തിക സഹായം നല്കിക്കൊണ്ടിരിക്കുന്നു. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള കലാഗ്രാമങ്ങളില്‍ സഹായഹസ്തം എത്തിക്കുവാന്‍ സാധിച്ച ഇവര്‍ക്ക് പ്രാരംഭത്തില്‍ തന്നെ കേരള സര്‍ക്കാരിന്റെ പ്രശംസക്കും പാത്രീഭൂതരാകുവാന്‍ സാധിച്ചിട്ടുണ്ട്. കലാകാരന്, സംഘാടകര്‍, പ്രചാരകന് എന്നീ നിലയില്‍ മാത്രമല്ല, സാമൂഹ്യ പ്രതിബദ്ധതയാര്‍ന്ന വലിയൊരു മനുഷ്യസ്നേഹികൂടിയാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ രാജേഷ് നായര്‍. കലാ-സാംസ്കാരിക സേവനങ്ങളിലും ധര്മപ്രവര്ത്തനങ്ങളിലുമുള്ള ഇച്ഛാശക്തി പരിഗണിച്ചാണ് ശില്പവും പ്രശസ്തിപത്രവും പൊന്നാടയുമടങ്ങുന്ന പുരസ്കാരം സമര്‍പ്പിക്കുന്നത്. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്ര കിഴക്കേ നടയില്‍ നടന്ന ചടങ്ങില്‍ കേരള കലാമണ്ഡലം യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ടി.കെ. നാരായണന് പുരസ്കാരം സമര്‍പ്പിച്ചു. പെരുവനം കുട്ടന്മാരാര്, സദനം കൃഷ്ണന്‍കുട്ടി ആശാന്, കലാമണ്ഡലം ശിവദാസ്, ടി. വേണുഗോപാലമേനോന്, യു. പ്രദീപ് മേനോന്, അഡ്വ. രാജേഷ് തമ്പാന്, കാവനാട്ട് രവി നമ്പൂതിരി, അജയ് മേനോന്, രമേശന് നമ്പീശന്, അന്തിക്കാട് പത്മനാഭന്, കണ്ണംമ്പിള്ളി ഗോപകുമാര്‍, കലാനിലയം ഉദയന്‍ നമ്പൂതിരി, ദിനേശ് വാരിയര്‍ എന്നിവര്‍ പ്രസംഗിച്ചു.