പടിയൂര്‍-പൂമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അവുണ്ടര്‍ചാല്‍ പാലത്തിന് കാത്തിരിപ്പ് നീളുന്നു
പടിയൂര്‍: ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടും പടിയൂര്‍-പൂമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അവുണ്ടര്ചാലിനു കുറുകേയുള്ള പാലം നിര്‍മാണം വൈകുന്നു. പൂമംഗലം പഞ്ചായത്തില്‍ എടക്കുളം നെറ്റിയാടി സെന്ററിനെയും പടിയൂര്‍ പഞ്ചായത്തിലെ വളവനങ്ങാടിയെയും എളുപ്പം ബന്ധിപ്പിക്കുന്ന ചാലിലാണു പാലത്തിനായി ജനം ആവശ്യം ഉന്നയിക്കുന്നത്. നെറ്റിയാട് സെന്ററില്‍ നിന്ന് കുറച്ചു ദൂരം പടിഞ്ഞാറോട്ട് പോയാല്‍ അവുണ്ടര്ചാലിനടുത്തെത്താം. തോടിനപ്പുറത്ത് പടിയൂര്‍ പഞ്ചായത്തിന്റെ വളവനങ്ങാടിയിലേക്കുള്ള റോഡ് എത്തി നില്‍ക്കുന്നുണ്ട്. ചാലിനു കുറുകേ, നൂറുമീറ്റര്‍ കടന്ന് ഒരു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വളവനങ്ങാടിയിലെത്താം. എന്നാല്‍ ഇരുകരകളിലേക്കും കടക്കാന്‍ നാട്ടുകാര്‍ക്കു ഇപ്പോഴും ആശ്രയം കടത്തുവഞ്ചിയാണ്. പ്രധാനമന്ത്രിയുടെ ഗ്രാമസഡക് യോജന പദ്ധതിപ്രകാരം മൂന്നു വര്‍ഷം മുമ്പ് ഈ റോഡ് നിര്‍മിക്കാന്‍ 1.16 കോടി രൂപ അനുവദിച്ചെങ്കിലും ചാലിനു കുറുകേ, നൂറുമീറ്റര്‍ പാലമില്ലാത്തതിനാല്‍ ഒരു കിലോമീറ്റര്‍ പടിയൂരിലും ബാക്കിയുള്ള എഴുന്നൂറ് മീറ്റര്‍ പൂമംഗലത്തുമായിട്ടാണ് പൂര്‍ത്തിയാക്കിയത്. തോടിനു കുറുകേ, പാലം വന്നാല്‍ പടിയൂര്‍ നിവാസികള്‍ക്കു ഇരിങ്ങാലക്കുടയിലെത്താന്‍ പോട്ട-മൂന്നുപീടിക സംസ്ഥാനപാതയ്ക്ക് പുറമേ, സമാന്തരപാത എന്ന നിലയിലും ഈ റോഡ് ഉപയോഗപ്പെടുത്തല്‍ സാധിക്കും. മുന്‍വര്‍ഷത്തെ ബജറ്റില്‍ പാലം ഉള്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് നിര്‍മാണവുമായി ബന്ധപ്പെട്ട് ഈ വര്‍ഷം ജനുവരിയില്‍ തൂണുകള്‍ സ്ഥാപിക്കേണ്ട ഇടങ്ങളിലെ മണ്ണ് പൊതുമരാമത്തുവകുപ്പ് റോഡ്സ് ആന്‍ഡ് ബ്രിഡ്ജ് വിഭാഗം പരിശോധിച്ചിരുന്നു. ഇതിനായി 4.6 ലക്ഷം രൂപയും അനുവദിച്ചു. എന്നാല്‍ പിന്നീട് നടപടികളൊന്നും ഉണ്ടായില്ലെന്നു ആക്ഷേപമുണ്ട്.