ഈ തോടൊന്നു തെളിക്കുമോ, കൃഷിയിറക്കാന്‍……
കോന്തിപുലം താമരവളയംതോടിലെ കാടും പടലവും നീക്കി വൃത്തിയാക്കണം
കരുവന്നൂര്‍: കാടുകയറി നീരൊഴുക്ക് തടസപ്പെട്ടു കിടക്കുന്ന കോന്തിപുലം താമരവളയം തോട് വൃത്തിയാക്കാന്‍ വൈകുന്നത് മേഖലയിലെ നെല്‍കൃഷിയെ ബാധിക്കുമെന്ന് ആശങ്ക. കോന്തിപുലം കോള്‍പടവിനു പടിഞ്ഞാറുവശത്ത് കെഎല്‍ഡിസി കനാലിലെ വെള്ളം കരുവന്നൂര്‍ പുഴയിലേക്കു ഒഴുക്കികളയുന്നതിനുവേണ്ടി നിര്‍മിച്ച താമരവളയം തോടാണ് വൃത്തിയാക്കാതെ കാടുപിടിച്ചുകിടക്കുന്നത്. കരുവന്നൂര്‍ പുത്തന്‍തോടിനു മുമ്പ് കനാലില്‍ നിന്ന് വടക്കോട്ടിട്ട രണ്ടു തുറന്ന കഴകള്‍ വഴി കണക്കന്‍കടവ് തടയണയിലൂടെയാണു വെള്ളം കരുവന്നൂര്‍ പുഴയിലേക്കു ഒഴുകിയെത്തുന്നത്. 13 മീറ്റര്‍ വീതിയില്‍ രണ്ടര കിലോമീറ്റര്‍ നീളത്തിലുള്ള തോട് കാലങ്ങളായി കൈയേറിയും ചണ്ടിയും പുല്ലും നിറഞ്ഞും നശിക്കുന്നു. ഇതുമൂലം കനാലില്‍ നിന്നുള്ള നീരൊഴുക്ക് കുറഞ്ഞു. കോന്തിപുലം പാടശേഖരം, നെടുമ്പാള്‍ ധനംകുളം വെസ്റ്റ് കര്‍ഷകസംഘം, മുരിയാട് പാടശേഖരം, മാങ്ങണ്ടം, നടുപ്പാടം എന്നീ പടവുകളില്‍ സമയത്ത് കൃഷിയിറക്കാന്‍ കഴിയുമോയെന്ന ആശങ്കയും കര്‍ഷകര്‍ക്കുണ്ട്. പാടത്തുനിന്ന് അധികജലം കനാലിലേക്കു പമ്പ് സെറ്റുവെച്ച് അടിച്ചാലും വെള്ളം ഒഴുകിപ്പോകാന്‍ സൗകര്യമില്ലാത്തതിനാല്‍ വേവലാതിയിലാണ് കര്‍ഷകര്‍. കൃഷിയിറക്കാന്‍ വൈകിയാല്‍ കൊയ്ത്ത് ഏപ്രില്‍ അവസാനവാരത്തിലേക്കു നീളുകയും മഴമൂലം കൊയ്ത്തു യന്ത്രം ഇറക്കാന്‍ സാധിക്കാതെ വരുകയും ചെയ്യുമെന്നു കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ കൃഷിയിറക്കാന്‍ സാധിക്കുന്ന തരത്തില്‍ ജങ്കാര്പോലുള്ള യന്ത്രം ഉപയോഗിച്ച് എത്രയും വേഗം തോട്ടിലെ തടസങ്ങള്‍ നീക്കാന്‍ ഇറിഗേഷന്‍ വകുപ്പ് നടപടിയെടുക്കണമെന്നു കര്‍ഷകര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് അധികാരികള്‍ക്കു നിവേദനം നല്‍കിയിട്ടുണ്ടെങ്കിലും നടപടികളൊന്നും ഉണ്ടായില്ലെന്നു കര്‍ഷകര്‍ കുറ്റപ്പെടുത്തുന്നു. ഇപ്പോഴത്തെ അവസ്ഥയില്‍ ഏറ്റവും കൂടുതല്‍ ബാധിക്കുക ധനംകുളം വെസ്റ്റ് പാടശേഖരത്തെയാണ്. ഓരോ കോള്‍പടവിലും നൂറുകണത്തിനു ഏക്കര്‍ സ്ഥലങ്ങളിലാണ് കൃഷിയിറക്കുന്നത്. തോട് വൃത്തിയാക്കിയില്ലെങ്കില്‍ പാടശേഖരങ്ങളില്‍ നിന്നു അടിക്കുന്ന വെള്ളം കനാലില്‍ പൊങ്ങിനില്ക്കും. നന്നായി നീരൊഴുക്കുണ്ടായില്ലെങ്കില് മുരിയാട് കായല്‍മേഖലയിലെ കൃഷിയെയും ബാധിക്കും. കെഎല്‍ഡിസി കനാലില്‍ നിന്നു വെള്ളം വന്നെങ്കില്‍ മാത്രമേ മേഖലയില്‍ കൃഷിയിറക്കാന്‍ സാധിക്കൂ. മാടപ്പുറം, കരുവന്നൂര്‍ താഴം ഭാഗത്തുമെല്ലാം ഈ വെള്ളത്തെ ആശ്രയിച്ചാണു കഴിയുന്നത്. പാടശേഖരത്തില്‍ നിന്നു വെള്ളം ഇറങ്ങിപ്പോയില്ലെങ്കില്‍ കൃഷി വൈകും.