ആദ്യ ഭാര്യക്ക് 26000 രൂപ ചിലവിന് കൊടുക്കുവാന്‍ കോടതി ഉത്തരവ്
ഇരിങ്ങാലക്കുട: ഭര്‍ത്താവ് മറ്റൊരു സ്ത്രീയുമായി ജീവിക്കുകയാണെന്നും ഭാര്യയെയും മക്കളെയും സംരക്ഷിക്കുന്നില്ലെന്നും കാണിച്ച് ആളൂര്‍ വെള്ളാഞ്ചിറ പള്ളായിപ്പീടികയില്‍ അബ്ദുള്‍ ഷുക്കൂര്‍ ഭാര്യ ഷെമിത ഭര്‍ത്താവിനെതിരെ ഇരിങ്ങാലക്കുട കുടുംബ കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ ഭാര്യക്കും മക്കള്‍ക്കും പ്രതിമാസം 26000 രൂപ ചെലവിനു നല്കുവാന് ഇരിങ്ങാലക്കുട കുടുംബ കോടതി ജഡ്ജി എസ്.എസ്. സീന ഉത്തരവിറക്കി. ഷെമിതയും ഷുക്കൂറും തമ്മിലുള്ള വിവാഹം 2000 ആഗസ്റ്റ് 19 നാണു നടന്നത്. 2016 ഏപ്രില്‍ മാസം മുതല്‍ ഭര്‍ത്താവ് നോക്കി സംരക്ഷിക്കുന്നില്ലായെന്നു കാണിച്ചു ഷെമിത കുടുംബ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. തുടര്‍ന്ന് ഹര്‍ജി പരിഗണിച്ച കോടതി 26000 രൂപ പ്രതിമാസം നല്കുവാന് വിധിച്ചു. ഉത്തരവിനെതിരെ അബ്ദുള്‍ ഷുക്കൂര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയും അപ്പീല്‍ പരിഗണിച്ച ഹൈക്കോടതി ഭാര്യക്കും മക്കള്‍ക്കും ചെലവിനു നല്കാന് ഭര്‍ത്താവിനു ബാധ്യതയുണ്ടെന്നു പറഞ്ഞ് അപ്പീല്‍ തീര്‍പ്പാക്കി. ഷെമിത ചാലക്കുടി മജിസ്ട്രേറ്റ് കോടതിയില്‍ ഗാര്‍ഹിക പീഡന നിയമപ്രകാരം ബോധിപ്പിച്ച ഹര്‍ജിയില്‍ ഷെമിതക്കും മക്കള്‍ക്കും ഭര്‍ത്താവിന്റെ പേരിലുള്ള വീട്ടില്‍ മരണം വരെ താമസിക്കുവാന്‍ അവകാശമുണ്ടെന്നും വസ്തു കൈമാറരുതെന്നും വിധിയായിട്ടുള്ളതാണ്. ഭര്‍ത്താവ് ഷുക്കൂറിന്റെ മാതാവ് ഷെമിതക്കെതിരെ ചാലക്കുടി മജിസ്ട്രേറ്റ് കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജി തള്ളുകയും ചെയ്തിരുന്നു. ഇതെല്ലാം പരിഗണിച്ചാണു കോടതി വിധി ഇപ്പോള്‍ വന്നിട്ടുള്ളത്. ഷെമിതക്കു വേണ്ടി അഡ്വക്കേറ്റുമാരായ പി.വി. ഗോപകുമാര്‍ (മാമ്പുഴ), കെ.എം. അബ്ദുല്‍ ഷുക്കൂര്‍, ശ്രുതി കീര്‍ത്തി എന്നിവര്‍ ഹാജരായി.