ആനീസിന്റെ കൊലപാതകം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നു
ഇരിങ്ങാലക്കുട: ഈസ്റ്റ് കോമ്പാറ കൂനന്‍ വീട്ടില്‍ പരേതനായ പോള്‍സന്റെ ഭാര്യ ആനീസിന്റെ കൊലപാതകം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നു. ഒരു വര്‍ഷം പിന്നിട്ടിട്ടും പോലീസ് അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നത്. ക്രൈംബ്രാഞ്ച് എസ്പി കെ. സുദര്‍ശനന്റെ നേതൃത്വത്തില്‍ ഡിവൈഎസ്പിമാരായ എം. സുകുമാരന്‍, കെ. ഉല്ലാസ്, സിഐ സി.എല്‍. ഷാജു എന്നിവരടങ്ങുന്ന ഏഴംഗ സംഘമാണ് കേസന്വേഷിക്കുക. എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ആനീസ് കൊലചെയ്യപ്പെട്ട ഈസ്റ്റ് കോമ്പാറയിലെ വീട്ടിലെത്തി. 2019 നവംബര്‍ 14 ന് വൈകീട്ട് ആറരയോടെയാണ് ആനീസിനെ വീടിനുള്ളില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ മരണശേഷം ഒറ്റയ്ക്കു താമസിച്ചിരുന്ന ആനീസിനു രാത്രി കൂട്ടുകിടക്കാന്‍ വരാറുള്ള അടുത്ത വീട്ടിലെ പരിയാടത്ത് രമണി വൈകീട്ട് വീട്ടില്‍ എത്തിയപ്പോഴാണു വീടിന്റെ മുന്നിലെ വാതില്‍ പുറത്തുനിന്ന് അടച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് അകത്തു കയറി നോക്കിയപ്പോഴാണു രക്തത്തില്‍ കുളിച്ചു മരിച്ച നിലയില്‍ ആനീസിനെ കണ്ടത്. കൈകളിലെ വളകള്‍ മോഷണം പൊയെങ്കിലും കാതിലുണ്ടായിരുന്ന കമ്മലും കഴുത്തിലുണ്ടായിരുന്ന കരിമണിമാലയും വീട്ടിലെ അലമാരയിലുണ്ടായിരുന്ന ആഭരണങ്ങളും പണവും നഷ്ടപ്പെട്ടിരുന്നില്ല. ആനീസിന്റെ കൈയ്യിലെ വളകള്‍ മാത്രം മോഷ്ടിക്കാന്‍ കാരണമെന്തായിരിക്കുമെന്ന ചോദ്യമാണു പോലീസിനു ഉത്തരം കിട്ടാതെ നിന്നിരുന്നത്. ആനീസിന്റെ കൈകളിലെ എട്ട് വളകള്‍ ഒറ്റയടിക്ക് ഊരാന്‍ സാധിക്കില്ല. വളകള്‍ ഏതെങ്കിലും ആയുധം ഉപയോഗിച്ച് മുറിച്ചെടുത്തതാണെന്നാണ് പോലീസ് ഊഹിക്കുന്നത്. ആയുധം പൊതിഞ്ഞുകൊണ്ടുവന്നതാണെന്നു സംശയിക്കുന്ന ഒരു മലയാള ദിനപത്രത്തിന്റെ തൃശൂര്‍ എഡിഷന്റെ പേജു മാത്രമാണു പോലീസിനു ലഭിച്ചത്. ഇതില്‍ നിന്നും വിരലടയാളവും ലഭിച്ചിട്ടില്ല. കവര്‍ച്ചക്കിടെ നടന്ന കൊലപാതകമാണെന്ന നിഗമനത്തിലായിരുന്നു ആദ്യഘട്ടത്തിലെ അന്വേഷണം. ആയുധം കണ്ടത്താന്‍ സമീപപ്രദേശങ്ങളിലെല്ലാം കാടും പടലും വെട്ടിതെളിച്ചു തിരച്ചില്‍ നടത്തിയെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല. കൊലപാതകം നടന്ന വീട്ടിലോ അയല്‍പ്പക്കങ്ങളിലോ സിസിടിവി കാമറ ഇല്ല. അന്യസംസ്ഥാനക്കാര്‍, ആനീസിന്റെ ലൗബേര്‍ഡ് ബിസിനസിലെ ഇടപാടുകള്‍, ബന്ധുക്കള്‍ തുടങ്ങി നിരവധി പേരെ പോലീസ് വിശദമായി ചോദ്യം ചെയ്തെങ്കിലും പ്രതികളിലേക്കുള്ള സൂചനകള്‍ ലഭിച്ചില്ല. ആനീസ് കൊല്ലപ്പെട്ട ദിവസം വീടിന്റെ പരിസരത്ത് കര്ട്ടണ് വില്പനക്കാരനെ കണ്ടിരുന്നു എന്നുള്ളതാണു കൊലയാളിയാര് എന്ന ചോദ്യത്തിനു പോലീസിനു ചൂണ്ടികാണിക്കാവുന്ന ഏകതുമ്പ്. ഇയാളെ കണ്ടെത്താന്‍ കേരളത്തിലങ്ങോളമിങ്ങോളമുള്ള കര്ട്ടണ് വില്പനക്കാര് തമ്പടിക്കുന്ന സ്ഥലങ്ങളിലെല്ലാം പോലീസ് തെരച്ചില്‍ നടത്തിയിരുന്നു. പെരുമ്പാവൂര്‍ ജിഷ കൊലക്കേസ് അന്വേഷിച്ച സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചിരുന്നു. ആനീസ് മരിച്ച വീട് ക്യാമ്പാക്കിയാണു അന്വേഷണം നടന്നത്. ഇപ്പോഴും ഡിവൈഎസ്പി ഓഫീസിനു മുകളില്‍ അന്വേഷണ സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. കേസ് ക്രൈംബ്രാഞ്ചിനു വിടണമെന്നാവശ്യപ്പെട്ട് പത്തു മാസം മുമ്പു വീട്ടുകാര്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്തു നല്‍കിയിരുന്നു. ഇതുവരെയും തെളിയിക്കുവാന്‍ പോലീസിനു സാധിക്കാത്തതിനാലാണ് ക്രൈംബ്രാഞ്ചിനു കേസ് കൈമാറാന്‍ തീരുമാനിച്ചത്.