മഴ: കൊയ്യാറായ പാടം വെള്ളത്തില്‍ മുങ്ങി
ഇരിങ്ങാലക്കുട: വെള്ളാങ്കല്ലൂര്‍ പഞ്ചായത്തിലെ കണ്ണോളിച്ചിറ, ആനയ്ക്കല്‍ ചിറ പാടശേഖരങ്ങളിലെ ആറേക്കര്‍ നാടന്‍ നെല്‍കൃഷിയും എടതിരിഞ്ഞി പോത്താനി കിഴക്കെ പാടശേഖരത്തിലുമായി കൊയ്യാറായ നെല്ല് വെള്ളത്തിലായി. കഴിഞ്ഞ ദിവസം രാത്രി പെയ്ത കനത്ത മഴയിലാണു നെല്ല് വെള്ളത്തില്‍ മുങ്ങിയത്. കണ്ണോളിച്ചിറ, ആനയ്ക്കല്‍ ചിറ പാടശേഖരങ്ങളിലെ ഭൂരിഭാഗവും ഈ മാസം പകുതിയോടെ കൊയ്യാന്‍ നിശ്ചയിച്ചിരുന്നതാണ്. നാടന്‍ നെല്ലിനങ്ങളായ കുറുവ, തവളക്കണ്ണന്‍ എന്നിവയ്ക്കാണു നാശം ഉണ്ടായത്. നെല്‍ച്ചെടി പൂര്‍ണമായും ഒടിഞ്ഞു വീണു. വെള്ളം കയറിയതിനാല്‍ കൊയ്ത്തുയന്ത്രം ഇറക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ദീര്‍ഘകാലമായി തരിശുകിടന്നിരുന്ന സ്ഥലങ്ങളില്‍ ഉള്‍പ്പെടെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നാടന്‍ നെല്ലിനങ്ങള്‍ ജൈവരീതിയിലാണു കൃഷി ചെയ്തു വരുന്നത്. മഴയെ ആശ്രയിച്ച് കൃഷി നടക്കുന്ന പാടശേഖരങ്ങളില്‍ ഇത്തവണ ആവശ്യത്തിനു മഴ ലഭിച്ചതിന്റെ ആശ്വാസത്തിലായിരുന്നു കര്‍ഷകര്‍. നന്നായി വിളഞ്ഞു കൊയ്യാന്‍ പാകമായി നില്ക്കുമ്പോഴാണു അപ്രതീക്ഷിതമായ മഴ കര്‍ഷകര്‍ക്കു ഇരുട്ടടിയായത്. ചില കര്‍ഷകര്‍ വൈക്കോല്‍ ലഭിക്കാനായി തൊഴിലാളികളെ വെച്ച് കൊയ്തെടുത്തു. വെള്ളത്തില്‍ വീണവ കൊയ്തെടുക്കാന്‍ സമയവും അധ്വാനവും കൂടുതല്‍ വേണം എന്നതും കൃഷിക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. കൊയ്യാനുള്ള തൊഴിലാളികളുടെ ക്ഷാമവും നിലനില്‍ക്കുന്നുണ്ട്. പോത്താനി കിഴക്കെ പാടത്ത് കൊയ്യാന്‍ പാകമായ 20 ഹെക്ടര്‍ നെല്‍കൃഷിയാണ് വെള്ളത്തിലായത്. കൊയ്ത്തു കഴിഞ്ഞ വൈക്കോലും വെള്ളത്തിലായി.