കരൂപ്പടന്നയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ ആക്രമിച്ച സംഭവം; പ്രതികളില്‍ ഒരാള്‍ കീഴടങ്ങി

ഇരിങ്ങാലക്കുട: കരൂപ്പടന്നയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ ആക്രമിച്ച കേസിലെ പ്രതികളില്‍ ഒരാള്‍ കോടതിയില്‍ കീഴടങ്ങി. കീഴടങ്ങിയ പ്രതി കരൂപ്പടന്ന മുസാഫിരിക്കുന്നില്‍ വാഴക്കാമഠത്തില് വീട്ടില്‍ അന്‍സിലിനെ (19) കോടതി റിമാന്‍ഡ് ചെയ്തു. 2020 ഡിസംബര്‍ 30 നാണു കേസിനാസ്പദമായസംഭവം. കരൂപ്പടന്ന പള്ളിനടില് വെച്ചു നാലംഗസംഘം ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി അറയ്ക്കാപ്പറമ്പില്‍ മുഹമ്മദ് മകന് മന്‍സൂറിനെ മുന്‍വൈരാഗ്യത്തിന്റെ പേരില്‍ ആക്രമിക്കുകയായിരുന്നു. പ്രദേശത്തെ ലഹരിമാഫിയക്കെതിരെ മന്‍സൂര്‍ പോലീസില്‍ പരാതി നല്‍കിയതാണ് ആക്രമണത്തിനു കാരണമെന്നു മന്‍സൂറിന്റെ സുഹൃത്തുക്കള്‍ ആരോപിച്ചിരുന്നു. പരിക്കേറ്റ മന്‍സൂര്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റു പ്രതികള്‍ ഒളിവിലാണെന്നു പോലീസ് പറഞ്ഞു.