പ്രളയത്തില്‍ തകര്‍ന്ന കെഎല്‍ഡിസി ഹരിപുരം ബണ്ട് ശക്തിപ്പെടുത്തുന്ന പ്രവൃത്തികള്‍ തുടങ്ങി
നബാര്‍ഡില്‍ നിന്ന് അഞ്ചു കോടി
ഹരിപുരം ബണ്ട് ബലപ്പെടുത്തും
ബലപ്പെടുത്തുന്നത് കാറളം, പടിയൂര്‍ പഞ്ചായത്തുകളില്‍പ്പെടുന്ന അഞ്ചു കിലോമീറ്റര്‍ ദൂരം
കാട്ടൂര്‍: മുന്‍ വര്‍ഷങ്ങളില്‍ പ്രളയത്തില്‍ തകര്‍ന്ന കെഎല്‍ഡിസി ഹരിപുരം ബണ്ട് ശക്തിപ്പെടുത്തുന്ന പ്രവൃത്തികള്‍ തുടങ്ങി. അഞ്ചുകിലോമീറ്റര്‍ ദൂരത്തില്‍ കാറളം, പടിയൂര്‍ പഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട ബണ്ടുകള്‍ ബലപ്പെടുത്താനാണ് തുക വകയിരുത്തിയിരിക്കുന്നത്. തൃശൂര്‍-പൊന്നാനി കോള്‍ വികസന പദ്ധതിയുടെ മൂന്നാം ഘട്ടമായി നബാര്‍ഡില്‍ നിന്നുള്ള അഞ്ചു കോടിയോളം രൂപ ചെലവഴിച്ച് പ്രളയത്തില്‍ കെഎല്‍ഡിസി കനാലില്‍ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യാനും ബണ്ടുകള്‍ ബലപ്പെടുത്താനുമുള്ള പ്രവൃത്തികളാണു ആരംഭിച്ചിരിക്കുന്നത്. പുല്ലത്തറ മുതല്‍ താണിശേരി പാലം വരെയുള്ള ഭാഗം 2.6 കോടി രൂപ ചെലവഴിച്ചും താണിശേരി പാലം മുതല്‍ എടതിരിഞ്ഞി പാലം വരെയുള്ള ഭാഗം 2.88 കോടി രൂപ ചെലവഴിച്ച് ആഴം ശക്തിപ്പെടുത്താനും മണ്ണ് നീക്കം ചെയ്ത് കനാലിന്റെ ആഴം കൂട്ടാനുമാണ് പദ്ധതി. ഇതിന്റെ ഭാഗമായി പ്രളയത്തില്‍ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തികള്‍ തുടങ്ങി. ഹിറ്റാച്ചി മെഷീനുകള്‍ ഉപയോഗിച്ചാണു മണ്ണ് നീക്കുന്നത്. ഈ മണ്ണുപയോഗിച്ച് ബണ്ടുകളുടെ ഉയരം വര്‍ധിപ്പിക്കും. പിന്നീട് അതിനു മുകളില്‍ 35 സെന്റിമീറ്റര്‍ ഉയരത്തില്‍ നല്ല മണ്ണിട്ട് ബണ്ടുകള്‍ ബലപ്പെടുത്തുകയും ചെയ്യുമെന്നു അധികൃതര്‍ വ്യക്തമാക്കി. കെഎല്‍ഡിസി കനാലിന്റെ ബണ്ട് താഴ്ന്ന് ഹരിപുരം ഭാഗത്ത് 2018 പ്രളയത്തില്‍ കെഎല്‍ഡിസി കനാല്‍ നിറഞ്ഞ് വെള്ളം കവിഞ്ഞൊഴുകി കാറളം, കാട്ടൂര്‍, പടിയൂര്‍, പൂമംഗലം, ഇരിങ്ങാലക്കുട പ്രദേശങ്ങളില്‍ ഒട്ടേറെ കുടുംബങ്ങളെ ദുരിതത്തിലാഴ്ത്തിയിരുന്നു. കനാലിന്റെ തെക്കുഭാഗത്ത് ഏകദേശം നൂറുമീറ്റര്‍ താഴ്ത്തി ഇട്ടിരിക്കുന്ന വിടവിലൂടെയായിരുന്നു പ്രളയകാലത്ത് വെള്ളം തള്ളിയത്. തെക്കോട്ട് ഒഴുകിയ വെള്ളം ചേലൂര്‍ പൂച്ചക്കുളം മുതല്‍ കാക്കാത്തുരുത്തി പാലം വരെയുള്ള പടിയൂര്‍ പഞ്ചായത്തിലെ മുഴുവന്‍ പ്രദേശങ്ങളും വിഴുങ്ങി. 2019 ലെ പ്രളയത്തിലും ഇത് ആവര്‍ത്തിച്ചതോടെ ഹരിപുരം കെഎല്‍ഡിസി ബണ്ട് സമരസമിതി രൂപവത്കരിച്ച് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മന്ത്രിമാരും കേന്ദ്ര സംഘമടക്കമുള്ളവരും സ്ഥലം സന്ദര്‍ശിച്ചിരുന്നു. മന്ത്രിതല മീറ്റിംഗുകളും കളക്ടറേറ്റില്‍ ചേര്‍ന്നിരുന്നു. തുടര്‍ന്ന് തൃശൂര്‍ പൊന്നാനി കോള്‍ വികസന പദ്ധതിയില്‍ നിന്നുള്ള തുക ഉപയോഗിച്ച് ഇരുകരകളിലുമായി 750 മീറ്ററോളം മണ്ണിട്ട് ഉയര്‍ത്തിയിരുന്നു. ബണ്ട് സംരക്ഷണ പ്രവൃത്തികള്‍ക്കായി 2018 ല്‍ കെഎല്‍ഡിസി സമര്‍പ്പിച്ചിരുന്ന 2.49 കോടി രൂപയുടേയും 1.73 കോടിയുടേയും പ്രവൃത്തികള്‍ക്കു ഭരണാനുമതി ലഭിച്ചെങ്കിലും മണ്ണിന്റെ നിരക്ക് കുറവായതിനാല്‍ ആരും ടെന്‍ഡര്‍ ഏറ്റെടുത്തിരുന്നില്ല. പിന്നീടാണ് നബാര്‍ഡിന്റെ മൂന്നാംഘട്ട പ്രവൃത്തികളില്‍ ഉള്‍പ്പെടുത്തി തുക അനുവദിച്ച് പ്രവൃത്തികള്‍ ആരംഭിച്ചിരിക്കുന്നത്.