കൂടല്‍മാണിക്യം തിരുവുത്സവം
ആറാട്ട് എഴുന്നെള്ളിപ്പിന് ഒരാനയ്ക്ക് മാത്രം വനം വകുപ്പിന്റെ അനുമതി; തന്ത്രിമാരുടെ അഭിപ്രായം വീണ്ടും തേടി ദേവസ്വം
ഇരിങ്ങാലക്കുട: കര്‍ശന ഉപാധികളോടെ കൂടല്‍മാണിക്യം ക്ഷേത്ര ഉല്‍സവ നടത്തിപ്പിനു ജില്ലാ ഭരണകൂടത്തിന്റെ അനുമതി. കോവിഡിനെ തുടര്‍ന്ന് മാറ്റി വച്ച കഴിഞ്ഞ വര്‍ഷത്തെ ഉല്‍സവം ചടങ്ങുകള്‍ മാത്രമായി ഫെബ്രുവരി ഒന്നു മുതല്‍ 11 വരെ പൂര്‍ത്തീകരിക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ അനുമതി ദേവസ്വം തേടിയിരുന്നു. ക്ഷേത്രത്തിന്റെ ഉള്ളില്‍ 100 പേരെയും പുറത്തുള്ള ചടങ്ങുകള്‍ക്കു 200 പേരെയും മാത്രം പങ്കെടുപ്പിച്ചു നടത്താനാണു ജില്ലാ ഭരണകൂടം അനുമതി നല്‍കിയിരിക്കുന്നത്. അതേ സമയം ആറാട്ടിനായി ഒരാനയ്ക്ക് മാത്രമാണു വനം വകുപ്പ് അനുമതി നല്‍കിയിരിക്കുന്നത്. ആറാട്ട് എഴുന്നള്ളിപ്പിനായി ആചാരത്തിന്റെ ഭാഗമായുള്ള മൂന്നാനകള്ക്കു അനുമതി കിട്ടിയില്ലെങ്കില്‍ ഉല്‍സവം ചടങ്ങുകള്‍ മാത്രമായി നടത്തേണ്ടതില്ലെന്നു നേരത്തെ തന്നെ തന്ത്രിമാരുടെ യോഗം വ്യക്തമാക്കിയിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം വന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ തന്ത്രിമാരുടെ അഭിപ്രായം ദേവസ്വം വീണ്ടും തേടിക്കഴിഞ്ഞു. ഭരണസമിതി ഇല്ലാത്ത സാഹചര്യത്തില്‍ തന്ത്രിമാരുടെ നിര്‍ദേശം വന്നശേഷം ദേവസ്വം കമ്മീഷണറുമായി ആലോചിച്ച് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാനാണു ദേവസ്വം അധികൃതര്‍ ഉദ്ദേശിക്കുന്നത്. ഉല്‍സവ നടത്തിപ്പില്‍ കോവിഡ് ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്.