കൂടല്‍മാണിക്യ ഉല്‍സവം; മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ ഏഴു വരെ നടത്താന്‍ തീരുമാനം
ഇരിങ്ങാലക്കുട: കോവിഡിനെ തുടര്‍ന്ന് മാറ്റി വച്ച കഴിഞ്ഞ വര്‍ഷത്തെ കൂടല്‍മാണിക്യക്ഷേത്ര ഉല്‍സവം ചടങ്ങുകള്‍ മാത്രമായി മാര്‍ച്ച് ഏപ്രില്‍ മാസത്തില്‍ നടത്താന്‍ തീരുമാനം. ഫെബ്രുവരി ഒന്നു മുതല്‍ 11 വരെ നടത്താനായിരുന്നു ആലോചനയെങ്കിലും ആചാരപ്രകാരം മൂന്നാനകളോടെ പള്ളിവേട്ട ആറാട്ട് ചടങ്ങുകള്‍ നടത്താന്‍ അനുമതി ജില്ലാ ഭരണകൂടത്തില്‍ നിന്നു ലഭിച്ചിരുന്നില്ല. ക്ഷേത്രത്തിനു ഉള്ളില്‍ മൂന്നാനകള്‍ക്കും പുറത്ത് ഒരാനക്കും മാത്രമാണു ജില്ലാ ഭരണകൂടവും വനം വകുപ്പും അനുമതി നല്‍കിയത്. തുടര്‍ന്ന് ദേവസ്വം അധികൃതര്‍ തന്ത്രിമാരുടെ അടിയന്തിര യോഗം ഇന്നലെ വിളിക്കുകയായിരുന്നു. തന്ത്രിമാരുടെ അഭിപ്രായം മാനിച്ചാണ് മാര്‍ച്ച് 28 നു കൊടിയേറി ഏപ്രില്‍ ഏഴിനു കൂടപ്പുഴ കടവില്‍ ആറാട്ടോടെ ചടങ്ങുകള്‍ മാത്രമായി നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. പളളിവേട്ടക്കും ആറാട്ടിനും മൂന്നാനകള്ക്കു അനുമതി ജില്ലാ ഭരണകൂടത്തില്‍ നിന്നു തേടാനും തീരുമാനിച്ചിട്ടുണ്ടെന്നു അഡ്മിനിസ്ട്രേറ്റര്‍ അറിയിച്ചു.