നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരിങ്ങാലക്കുടയില്‍ കോണ്‍ഗ്രസ് മത്സരിക്കണമെന്നാവശ്യപ്പെട്ട് പോസ്റ്ററുകള്‍
ഇരിങ്ങാലക്കുട: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇരിങ്ങാലക്കുട നഗരത്തില്‍ പോസ്റ്ററുകള്‍. യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു സംഘടനകളുടെ പേരില്‍ ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡ്, ഠാണാ, മാര്‍ക്കറ്റ് തുടങ്ങിയ പ്രധാന ഭാഗങ്ങളിലെല്ലാം വ്യാപകമായി പോസ്റ്ററുകള്‍ പതിപ്പിച്ചിട്ടുണ്ട്. നിയോജകമണ്ഡലത്തില്‍ കോണ്‍ഗ്രസ് മത്സരിക്കണം, ഇരിങ്ങാലക്കുട ജയിക്കണം എന്നാണ് പോസ്റ്ററിലെ സന്ദേശം. എന്നാല്‍ സംഘടനകളുടെ തീരുമാനപ്രകാരമല്ല പോസ്റ്ററുകള്‍ പതിപ്പിച്ചിരിക്കുന്നതെന്നു യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു നേതാക്കള്‍ വ്യക്തമാക്കി. പോസ്റ്ററിലെ ആവശ്യം ശരിയാണ്. 30 വര്‍ഷത്തിലേറെയായി ഘടകകക്ഷികള്‍ മത്സരിക്കുന്ന ഇരിങ്ങാലക്കുട ഇത്തവണ കോണ്‍ഗ്രസിനു തിരിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് ഇരുസംഘടനകളും പ്രമേയം പാസാക്കിയിട്ടുണ്ടെന്നു യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് വിപിന്‍ വെളിയത്ത്, കെഎസ്യു പ്രസിഡന്റ് റൈഹാന്‍ എന്നിവര്‍ പറഞ്ഞു. ഇരിങ്ങാലക്കുട ഇത്തവണ ഘടകകക്ഷിക്ക് വിട്ടുനല്‍കരുതെന്നു ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട, കാട്ടൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നേതൃയോഗങ്ങളും നേരത്തെ പ്രമേയം പാസാക്കിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങള്‍ വിലയിരുത്തുവാന്‍ നിയോജകമണ്ഡലത്തിന്റെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി ചാള്‍സ് ഡയസിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു പ്രമേയം പാസാക്കിയത്.