കേരളത്തെ കടത്തില്‍ മുക്കികൊന്ന സര്‍ക്കാരാണ് ഇടതുപക്ഷത്തിന്റെത്-പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
പിന്‍വാതില്‍ നിയമനങ്ങള്‍ മൂലം ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ചത് പിന്നോക്ക വിഭാഗങ്ങള്‍ക്കും പട്ടികജാതി വിഭാഗങ്ങള്‍ക്കുമാണ്
ഇരിങ്ങാലക്കുട: കേരളത്തെ കടത്തില്‍ മുക്കികൊന്ന സര്‍ക്കാരാണ് പിണറായി സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐശ്വര്യ കേരള യാത്രക്ക് ഇരിങ്ങാലക്കുടയില്‍ നല്കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന രൂപീകരണത്തിനു ശേഷം ഇതുവരെ രണ്ടര ലക്ഷം കോടി രൂപയാണ് കേരളത്തിന്റെ കടം. ഇതില്‍ പിണറായി സര്‍ക്കാര്‍ മാത്രം ഒരു ലക്ഷം കോടി രൂപയാണ് കടമെടുത്തതെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. പിന്‍വാതില്‍ നിയമനങ്ങള്‍ മൂലം ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ചത് പിന്നോക്ക വിഭാഗങ്ങള്‍ക്കും പട്ടികജാതി വിഭാഗങ്ങള്‍ക്കുമാണ്. വിവിധ മത വിഭാഗങ്ങള്‍ ഇപ്പോള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് യു. ഡി. എഫ്. സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ പരിഹാരം കാണുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
എല്‍. ഡി. എഫ്. സര്‍ക്കാര്‍ വര്‍ഗീയത വളര്ത്തുകയാണന്ന് ആരോപിച്ച രമേശ് ചെന്നിത്തല, മുഖ്യമന്ത്രി പിണറായി വിജയന് പോലും പച്ചക്ക് വര്‍ഗീയത പറയുകയാണ്. സമസ്ത മേഖലകളിലും പരാജയപ്പെട്ട എല്‍. ഡി. എഫ്. സര്‍ക്കാരിന് കോവിഡ് നിയന്ത്രിക്കുന്നതിനു പോലും കഴിഞ്ഞില്ല. സമീപ സംസ്ഥാനങ്ങളില്‍ കോവിഡ് രോഗികള്‍ ഇല്ലാതാവുന്ന സാഹചര്യത്തില്‍ കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വര്ധിക്കുകയായണ്. കഴിഞ്ഞ അഞ്ചു വര്‍ഷം തിരിഞ്ഞു നോക്കാതിരുന്ന മന്ത്രിമാര്‍ തിരഞ്ഞെടുപ്പു അടുത്തപ്പോള്‍ സാന്ത്വന സ്പര്‍ശം പദ്ധതിയുമായി വരുന്നതെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. നട്ടുച്ചക്ക് ഉച്ചക്ക്് ഒന്നരയോടെ എത്തിയ യാത്രയെ സ്വീകരിക്കാന്‍ നൂറുകണക്കിനു പ്രവര്‍ത്തകരാണ് പൊരിവെയിലത്ത് മെയിന്‍ റോഡില്‍ കാത്തു നിന്നിരുന്നത്.
നിയോജക മണ്ഡലാതിര്‍ത്തിയായ കോന്തിപുലത്തു നിന്നും നിരവധി ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെയാണ് ഐശ്വര്യ കേരള യാത്രയെ സ്വീകരിച്ചത്. തുടര്‍ന്ന് ഇരിങ്ങാലക്കുട മെയിന്‍ റോഡില്‍ കാവടിയുടെയും വാദ്യ മേളങ്ങളുടെയും അകമ്പടിയോടെയാണ് യാത്രയെ സമ്മേളന നഗരിയായ മുനിസിപ്പല്‍ ടൗണ്‍ഹാള്‍ അങ്കണത്തിലേക്ക് ആനയിച്ചത്. യു. ഡി. എഫ്. നിയോജക മണ്ഡലം ചെയര്മാന് അഡ്വ തോമസ് ഉണ്ണിയാടന് അധ്യക്ഷത വഹിച്ച യോഗത്തില്‍ ടി. എന്‍. പ്രതാപന് എം. പി, കെ. പി. സി. സി. നിര്‍വ്വാഹക സമിതിയംഗം എം. പി. ജാക്സണ് എന്നിവര്‍ പ്രസംഗിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി, യു. ഡി. എഫ്. കണ്‍വീനര്‍ എം. എം. ഹസന്, ഡിസിസി പ്രസിഡന്റ് എം. പി. വിന്‍സെന്റ്, യു. ഡി. എഫ് ചെയര്മാന് ജോസഫ് ചാലിശ്ശേരി, ജില്ലാ കോണ്‍ഗ്രസ്സ് കമ്മറ്റി ഭാരവാഹികളായ അഡ്വ എം. എസ്. അനില്‍കുമാര്‍, ആന്റോ പെരുമ്പുള്ളി, കെ. കെ. ശോഭനന്, ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റി പ്രസിഡന്റുമാരായ ടി. വി. ചാര്‍ളി, കെ. കെ. ജോണ്സണ് എന്നിവര്‍ പങ്കെടുത്തു.