വേളൂക്കര പഞ്ചായത്തില്‍ സെക്ടറല്‍ മജിസ്ട്രേറ്റിന്റെ നേതൃത്വത്തില്‍ കര്‍ശന പരിശോധന
ഇരിങ്ങാലക്കുട: കോവിഡ് ചട്ടങ്ങള്‍ ഉറപ്പ് വരുത്താന്‍ വേളൂക്കര പഞ്ചായത്തില്‍ സെക്ടറല്‍ മജിസ്ട്രേറ്റിന്റെ നേത്യത്വത്തില്‍ കര്‍ശന പരിശോധന. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഫെബ്രുവരി 5 മുതല്‍ പരിശോധനകള്‍ കര്‍ശനമാക്കിയിരിക്കുന്നത്. മാസ്കുകളുടെയും സാനിറ്റൈസറിന്റെയും ഉപയോഗവും സാമൂഹിക അകലവും ഉറപ്പു വരുത്തലുമാണ് പ്രധാനമായും പരിശോധനകളിലൂടെ ലക്ഷ്യമിടുന്നത്.നടവരമ്പ്, വൈക്കര എന്നീ കേന്ദ്രങ്ങളിലാണ് സെക്ടറല്‍ മജിസ്ട്രേറ്റ് ടി എസ് സജീവന്മാസ്റ്ററുടെ നേത്യത്വത്തില്‍ പരിശോധന നടന്നത്.വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലും കയറിയ പരിശോധന സംഘം രജിസ്റ്ററുകള്‍ സൂക്ഷിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തി. വിവാഹ ചടങ്ങുകള്‍, മരണാനന്തര ചടങ്ങുകള്‍, യോഗങ്ങള്‍ എന്നിവയില്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള ആളുകളുടെ എണ്ണം ഉറപ്പ് വരുത്താനും നടപടി സ്വീകരിക്കും.കോവിഡ് ചട്ടലംഘനങ്ങളുടെ പേരില്‍ ഇതിനകം പഞ്ചായത്തില്‍ 70 ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞിട്ടുണ്ട്. സിവില്‍ പോലീസ് ഓഫീസര്‍ ജോബി പോള്‍, പഞ്ചായത്ത് ജീവനക്കാരന് പി വി ശങ്കര്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.