ആളൂര്‍ പീഡനം: അന്വേഷണം കൂടുതല്‍ പേരിലേക്ക്; ഇതുവരെ അറസ്റ്റിലായത് 13 പേര്
ഇരിങ്ങാലക്കുട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കൂടുതല്‍ പേര് പോലീസ് പിടിയിലായി. പൊരുന്നംകുന്ന് പ്ലാവിട വീട്ടില്‍ കുട്ടു എന്ന സുനീഷ് (34), പൊരുന്നംകുന്ന് വടക്കേപറമ്പില്‍ വിഷ്ണു (25) എന്നിവരെയാണ് തൃശൂര്‍ റൂറല്‍ എസ്പി ജി. പൂങ്കുഴലി ഐപിഎസിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി.ആര്. രാജേഷ് അറസ്റ്റു ചെയ്തത്. പിടിയിലായ സുനീഷ് കൊടകര, ചാലക്കുടി, ആളൂര്‍ സ്റ്റേഷനുകളില്‍ അടിപിടി കേസുകള്‍ അടക്കം അഞ്ചോളം കേസുകളില്‍ പ്രതിയാണ്. വിഷ്ണു കൊടകര സ്റ്റേഷനിലെ കൊലപാതകശ്രമകേസിലും പ്രതിയാണ്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 13 ആയി. പെണ്‍കുട്ടിയെ ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് കൂട്ടികൊണ്ടുവന്ന് ഇരുവരും മറ്റൊരു പ്രതിയായ കരുമാടി അരുണും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. അരുണിനെ കഴിഞ്ഞ ദിവസം റിമാന്‍ഡ് ചെയ്തിരുന്നു. തമിഴ്നാട്ടിലായിരുന്ന സുനീഷിനെ 28 ന് ചാലക്കുടിയിലെത്തിയപ്പോള്‍ അറസ്റ്റു ചെയ്യുകയായിരുന്നു. വിഷ്ണുവിനെ ആളൂരില്‍ നിന്നും പിടികൂടി. കേസിലെ മറ്റു പ്രതികളെയും ഉടന്‍ തന്നെ പിടികൂടുമെന്നു ഡിവൈഎസ്പി അറിയിച്ചു. പ്രണയം നടിച്ച് പെണ്‍കുട്ടിയെ പലയിടത്തും കൊണ്ടുപോയി പീഡിപ്പിക്കുകയും സുഹൃത്തുക്കള്‍ക്കു കാഴ്ചവെക്കുകയും ചെയ്ത വിആര്‍ പുരം സ്വദേശി ചെലാട്ടി എന്ന അരുണാണ് കേസിലെ ഒന്നാം പ്രതി. ക്രിമിനല്‍, കഞ്ചാവ് കേസ് പ്രതിയാണ് അരുണ്‍. ഇയാളെയാണ് പോലീസ് ആദ്യം പിടികൂടിയതും. പിടിയിലായവരില്‍ കൂടുതല്‍ പേരും മദ്യത്തിന് അടിമകളാണ്. പലവിധ പ്രലോഭനത്തിലുംപെടുത്തി പീഡിപ്പിച്ചവരില്‍ പ്രായമായവരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പ്രതികള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത് ശാസ്ത്രീയമായ തെളിവുകളും ശേഖരിച്ചാണ് ഡിവൈഎസ്പി ടി.ആര്. രാജേഷിന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുന്നത്. എസ്പി ജി. പൂങ്കുഴലി അന്വേഷണ പുരോഗതി വിലയിരുത്തി. ആളൂര്‍ ഇന്‍സ്പെക്ടര്‍ എം.ബി. സിബിന്, എസ്ഐ മാരായ ടി.എന്‍. പ്രദീപന്, കെ.എം. സൈമണ്‍, എം.സി. രവി, ഇ.ആര്. സിജുമോന്‍, പി.ജെ. ഫ്രാന്‍സിസ്, സി.കെ. സന്തോഷ്, എം.കെ. ദാസന്, എഎസ്ഐ മാരായ കെ.ടി. ജോഷി, സ്പെഷ്യല്‍ ബ്രാഞ്ച് ഓഫീസര്‍ സനീഷ് ബാബു, സീനിയര്‍ സിപിഒ മാരായ കെ.എസ്. ഉമേഷ്, ഇ.എസ്. ജീവന്, എം.ജി. വിനോദ് കുമാര്‍, ധനലക്ഷ്മി എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.