ഇരിങ്ങാലക്കുടയിലെ ആദ്യത്തെ ഐടി ഹബ് ഐഎംഐടി പ്രവര്‍ത്തനമാരംഭിച്ചു
ഇരിങ്ങാലക്കുടയിലും ഐടി ഹബ്ബ്
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിലെ ആദ്യത്തെ ഐടി ഹബ്ബ് പ്രവര്‍ത്തനം തുടങ്ങി. ഇരിങ്ങാലക്കുട സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഇന്റര്‍നാഷണല്‍ മീഡിയ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പാര്ക്കാ (ഐഎംഐടി) ണ് പ്രവര്‍ത്തനം ആരംഭിച്ചത്. കുറഞ്ഞ സമയം കൊണ്ടു വിവര സാങ്കേതിക മേഖലയില്‍ തങ്ങളുടേതായ സാന്നിധ്യമറിയിച്ച ഐഎംഐടി (ഇന്റര്‍നാഷണല്‍ മീഡിയ ആന്‍ഡ് ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി പാര്‍ക്ക്) കാട്ടൂരിലാണു ഐടി പാര്‍ക്ക് ആദ്യം തുടങ്ങിയത്. രണ്ടാംഘട്ട വികസനപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണു ഇതിന്റെ ഓഫീസ് ഇരിങ്ങാലക്കുട നഗരത്തില്‍ ആരംഭിച്ചിരിക്കുന്നത്. വിവര സാങ്കേതിക മേഖലയില്‍ നവീന മാതൃകകള്‍ ആവിഷ്ക്കരിച്ചുകൊണ്ട്, അന്താരാഷ്ട്ര നിലവാരത്തില്‍ സജ്ജമാക്കിയിരിക്കുന്ന ഐഎംഐടിയുടെ ഓഫീസ് ഉദ്ഘാടനം പ്രഫ. കെ.യു. അരുണന് എംഎല്‍എ നിര്‍വഹിച്ചു. ഐഎംഐടി ചെയര്‍മാനും ഐഎസ്ഡബ്ല്യുസിഎസ് പ്രസിഡന്റുമായ അഡ്വ. എം.എസ്. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയഗിരി, നഗരസഭ വൈസ് ചെയര്മാന് പി.ടി. ജോര്‍ജ്, ഐടിയു ബാങ്ക് ചെയര്മാന് എം.പി. ജാക്സണ്, ഐഎംഐടി സിടിഒ ജീസ് ലാസര്‍, ഡയറക്ടര്‍മാരായ ഡോ. അബ്ദുല്‍ മനാഫ്, ടി.വി. ജോണ്സണ്, സെന്തില്‍ നാഥന്, ഡോ. സെയ്ഫ്, അജി കെ. തോമസ്, വര്‍ഗീസ് പുത്തനങ്ങാടി, ബിസിന് ശങ്കരന്, വിനോയ്, ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു. 24 മണിക്കൂറും പ്രവര്‍ത്തിക്കാവുന്ന വിധത്തില്‍ അന്തര്‍ദേശീയ നിലവാരത്തിലാണു പാര്‍ക്ക് സജ്ജമാക്കിയിരിക്കുന്നത്.