‘സ്ത്രീ, അതിജീവനത്തിന്റെ അതിശക്തയായ പ്രതിനിധിയാകുന്നു’: എം.സി. ജോസഫൈന്
ഇരിങ്ങാലക്കുട: ‘സ്ത്രീ, അതിജീവനത്തിന്റെ അതിശക്തയായ പ്രതിനിധിയാകുന്നു’വെന്നു വനിത കമ്മീഷന് ചെയര്‍പേഴ്സണ്‍ എം.സി. ജോസഫൈന് അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര വനിതാദിനത്തിനോടനുബന്ധിച്ച് പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗണ്‍ യൂണിറ്റും വനിതാ സാഹിതി ഇരിങ്ങാലക്കുട മേഖലയും സംയുക്തമായി സംഘടിപ്പിച്ച വനിതാദിനാഘോഷവും ‘നേട്ടം 2021’ പരിപാടിയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.സി. ജോസഫൈന്. പ്രശസ്ത എഴുത്തുക്കാരിയും കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റുമായ ഖദീജ മുംതാസ് മുഖ്യപ്രഭാഷണം നടത്തി. സാഹിത്യ, വിദ്യാഭ്യാസ മേഖലകളില്‍ മികച്ച നേട്ടം കരസ്ഥമാക്കിയ യൂണിറ്റംഗങ്ങളെ ചടങ്ങില്‍ ആദരിക്കുകയും സുഗതകുമാരി അനുസ്മരണ കവിയരങ്ങ് സംഘടിപ്പിക്കുകയും ചെയ്തു. രാധിക സനോജ് ഉദ്ഘാടനം ചെയ്ത കവിയരങ്ങില്‍ പത്തോളം പെണ്‍കവികള്‍ പങ്കെടുക്കുകയും യൂണിറ്റംഗങ്ങള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്, അഡ്വ. കെ.ആര്. വിജയ, സി.എം. സാനി, ഡോ. കെ.പി. ജോര്‍ജ്, കെ.എച്ച്. ഷെറിന് അഹമ്മദ്, കെ.ജി. സുബ്രഹ്മണ്യന്, റെജില ഷെറിന്, വി.വി. ശ്രീല, ദീപ ആന്റണി എന്നിവര്‍ പ്രസംഗിച്ചു.