പൊതുപരീക്ഷകള്‍ മാറ്റിവെച്ചതില്‍ കെപിഎസ്ടിഎ പ്രതിഷേധം
ഇരിങ്ങാലക്കുട: വിദ്യാര്‍ഥികളുടെ അക്കാദമിക താത്പര്യങ്ങള്‍ക്കു വിരുദ്ധമായി എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റിവെച്ച നടപടിക്കെതിരെ കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അധ്യാപകര്‍ പ്രതിഷേധ പ്രകടനവും ഡിഇഒ ഓഫീസ് ധര്‍ണയും നടത്തി. രാഷ്ട്രീയ താത്പര്യങ്ങള്‍ക്കു വേണ്ടി ഇടതുപക്ഷ ജനാധിപത്യ മുന്നണി പൊതുവിദ്യാഭ്യാസ രംഗത്തെ അടിയറവുവെച്ച നടപടിയാണു പരീക്ഷകള്‍ മാറ്റി വെച്ചതിലൂടെ വ്യക്തമാകുന്നതെന്നു കെപിഎസ്ടിഎ ആരോപിച്ചു. പ്രതിഷേധ ധര്‍ണ മുന്‍ ചീപ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്തു. സി.ജെ. ദാമു അധ്യക്ഷത വഹിച്ചു. പ്രവീണ്‍ എം. കുമാര്‍, നിക്സണ് പോള്‍, എം.ജെ. ഷാജി, സി.എസ്. അബ്ദുള്‍ഹഖ്, നിധിന് ടോണി, ഒ.എസ്. ലിപ്സി, പി.ആര്. ചഞ്ചല്‍, പി.എ. ഫ്രാന്‍സിസ്, നെല്‍സണ്‍ പോള്‍, കെ.വി. അജയ് കുമാര്‍, ജെഫ്രിന്‍ ജോര്‍ജ്, കെ.വി. സുശീല്‍, പി.യു. രാഹുല്‍ എന്നിവര്‍ പ്രസംഗിച്ചു.