നന്മയുടെ മാതൃകകളാകാന്‍ എടതിരിഞ്ഞി എച്ച്ഡിപി സമാജം സ്കൂളിലെ വിദ്യാര്‍ഥിനികള്‍ മുടിമുറിച്ച് നല്കി
എടതിരിഞ്ഞി: എണ്ണയും താളിയുമൊക്കെയിട്ട് കാലങ്ങളായി പരിപാലിച്ച ആ കാര്കൂന്തലുകള് ഇനി കാന്‍സര്‍ രോഗം വന്നവര്‍ക്കു മുടിയഴകാകും. ഓമനിച്ചു വളര്‍ത്തിയ മുടി മുറിക്കുമ്പോള്‍ വിദ്യാര്‍ഥിനികളുടെ മുഖത്ത് വിഷമത്തിനു പകരം സ്നേഹമായിരുന്നു. എടതിരിഞ്ഞി എച്ച്ഡിപി സമാജം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിനികളാണു കാന്‍സര്‍ ബാധിതര്‍ക്കു വിഗ്ഗ് നിര്‍മിക്കാനായി സ്വന്തം മുടി മുറിച്ചു നല്കി മാതൃകയായത്. നാല്‍പ്പതോളം വിദ്യാര്‍ഥിനികളാണു മുടി നല്കി സ്കൂളിനു അഭിമാനമായത്. അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സുമായി സഹകരിച്ച് സ്കൂളിലെ എന്‍എസ്എസും സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങ് അമല ആശുപത്രി അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ജെയ്സണ്‍ മുണ്ടന്മാണി ഉദ്ഘാടനം ചെയ്തു. സമാജം സെക്രട്ടറി ദിനചന്ദ്രന് കോപ്പുള്ളിപറമ്പില്‍, സി.എസ്. സുധന്, ലതിക ഉല്ലാസ്, സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.എ. സീമ, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ആനി ജോര്‍ജ്, പി.കെ. കൃഷ്ണപ്രിയ, മേഘ്ന മേനോന് എന്നിവര്‍ പ്രസംഗിച്ചു. കേശദാനം നടത്തിയ വിദ്യാര്‍ഥിനികള്‍ക്കു ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.