കര്‍ശന നിയന്ത്രണങ്ങളോടെ കൂടല്‍മാണിക്യം തിരുവുത്സവം: ഉദ്യോഗസ്ഥതല യോഗം ചേര്‍ന്നു
ഇരിങ്ങാലക്കുട: കോവിഡ് മൂലം മാറ്റിവച്ച കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവം കര്‍ശന നിയന്ത്രണങ്ങളോടെ നടത്താന്‍ ഉദ്യോഗസ്ഥതല യോഗം തീരുമാനിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണം യോഗത്തില്‍ ഉറപ്പാക്കി. വനം വകുപ്പ്, പോലീസ്, വൈദ്യുതി, ജല അഥോറിറ്റി, ആരോഗ്യം, മൃഗ സംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നു ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. ചടങ്ങുകള്‍ മാത്രമായി നടത്തുന്നതിനാല്‍ മൂന്നു ആനകളുള്ള ശീവേലിക്കും വിളക്കെഴുന്നെള്ളിപ്പുകള്ക്കും ഇത്തവണ മേളം ഉണ്ടാകില്ല. പ്രദക്ഷണങ്ങള്‍ മാത്രമേ ഉണ്ടാകൂ. കലാപരിപാടികളും ഉണ്ടാകില്ല. അടിയന്തര ചടങ്ങുകളായ പാഠകം ഒരു ദിവസവും സൂത്രധാരകൂത്തും നങ്യാര്‍കൂത്ത് എന്നിവ 30 മുതല്‍ ഉണ്ടാകും. മാതൃക്കല്‍ബലി ദര്‍ശനത്തിനായി പടിഞ്ഞാറേ നടപ്പുരയില്‍ ക്യു സംവിധാനം ഏര്‍പ്പെടുത്തും. രാവിലെ 11 മണിയോടെയും രാത്രി 10 മണിയോടെയും എല്ലാ ചടങ്ങുകളും അവസാനിപ്പിക്കും. ശീവേലി, വിളക്ക് പ്രദക്ഷണങ്ങള്ക്കു പതിവുപോലെ മൂന്നു ആനകള്‍ ഉണ്ടാകും. പള്ളിവേട്ടക്കും ആറാട്ടിനും മൂന്നു ആനകള്‍ക്കു അനുമതി ലഭിച്ചിട്ടുണ്ട്. വനം, മൃഗസംരക്ഷണ വകുപ്പുകളുടെ കര്‍ശന നിയന്ത്രണങ്ങളും ദിവസേനയുള്ള പരിശോധനയും ഉണ്ടാകും. റിസെര്വയായി മറ്റു മൂന്നു ആനകള്‍ കൂടിയുണ്ടാകും. ഇത്തവണ അന്നദാനം ഉണ്ടാകില്ല. പ്രവര്ത്തിക്കാര്ക്കുള്ള ഭക്ഷണം മാത്രമേ ഉണ്ടാകൂ. ക്ഷേത്രത്തിനു പുറത്ത് ചെറിയ തോതില്‍ എക്സിബിഷന് ഒരുക്കിയിട്ടുണ്ട്. ഇവിടെ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടോയെന്നു നിരീക്ഷിക്കും. വിവിധ വകുപ്പു തല ഉദ്യോഗസ്ഥര്‍ക്കു പുറമെ പ്രഫ. കെ.യു. അരുണന് എംഎല്‍എ, നഗരസഭാ ചെയര്‍പേഴ്സണ്‍ സോണിയഗിരി, ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന്, തന്ത്രി പ്രതിനിധി എന്‍.പി. പരമേശ്വരന് നമ്പൂതിരിപ്പാട്, മാനേജ്മെന്റ് കമ്മിറ്റി തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. നാളെ മുതല്‍ ഏപ്രില്‍ ഏഴു വരെയാണു കൂടല്‍മാണിക്യം ഉത്സവം നടക്കുന്നത്