വാട്ടര്‍ ടാങ്ക് നോക്കുകുത്തി, സമ്പൂര്‍ണ കുടിവെള്ള പദ്ധതിയുണ്ടെങ്കിലും തെക്കന്‍ പടിയൂരില്‍ കുടിവെള്ളം കിട്ടാക്കനി
വാട്ടര്‍ ടാങ്ക് നോക്കുകുത്തി, സമ്പൂര്‍ണ കുടിവെള്ള പദ്ധതിയുണ്ടെങ്കിലും തെക്കന്‍ പടിയൂരില്‍ കുടിവെള്ളം കിട്ടാക്കനി
നിര്‍മാണം പൂര്‍ത്തിയാക്കി 12 വര്‍ഷം പിന്നിട്ടിട്ടും പടിയൂര്‍ മാരാംകുളം വാട്ടര്‍ ടാങ്ക് കമ്മിഷന് ചെയ്തില്ല
പടിയൂര്‍: ഗ്രാമപഞ്ചായത്തില്‍ സമ്പൂര്‍ണ കുടിവെള്ള പദ്ധതി കമ്മിഷന് ചെയ്ത് രണ്ടുവര്‍ഷം പിന്നിട്ടെങ്കിലും പഞ്ചായത്തിലെ തെക്കന്‍ മേഖലയില്‍ ഇപ്പോഴും കുടിവെള്ളക്ഷാമം രൂക്ഷം. പഞ്ചായത്തിന്റെ എട്ട്, ഒമ്പതു വാര്‍ഡുകളിലാണു കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുന്നത്. പഞ്ചായത്തിന്റെ തെക്കന്‍ മേഖലകളായ മഴുവഞ്ചേരി തുരുത്ത്, കെട്ടുചിറ, മതിലകം കടവ്, പണ്ടാരത്തറ എന്നിവിടങ്ങളില്‍ കുടിവെള്ളത്തിനു ദിവസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയിലാണെന്നു നാട്ടുകാര്‍ പറഞ്ഞു. ആഴ്ചയില്‍ ഒരിക്കല്‍പ്പോലും വെള്ളം ലഭിക്കാത്ത സ്ഥിതിയാണ്. 2019 ലാണു പടിയൂര്‍ പഞ്ചായത്തിലെ സമ്പൂര്‍ണ കുടിവെള്ള പദ്ധതി കമ്മിഷന് ചെയ്തത്. എന്നാല്‍ കാറളത്തുനിന്നു ശക്തമായി വെള്ളം പമ്പുചെയ്താല്‍ മാത്രമേ ഉയര്‍ന്ന പ്രദേശങ്ങളായ ഇവിടെ വെള്ളം എത്തൂ. നല്ല ശക്തിയില്‍ വെള്ളം തുറന്നുവിട്ടാല്‍ വാര്‍ഡിലെ എല്ലാവര്ക്കും വെള്ളം കിട്ടും. രണ്ടുദിവസം അടുപ്പിച്ച് വിട്ടാല്‍ വാര്‍ഡില്‍ വെള്ളം എത്തുമെന്നും നാട്ടുകാര്‍ പറഞ്ഞു. ജല്‍ജീവന്‍ മിഷനില്‍ ഉള്‍പ്പെടുത്തി കൂടുതല്‍ വീടുകളിലേക്കു കുടിവെള്ള കണക്ഷനുകള്‍ നല്കുന്നതിനാല് പ്രതിസന്ധി ഇനിയും രൂക്ഷമാകുമെന്ന ആശങ്കയും ജനങ്ങള്‍ക്കുണ്ട്. ഈ പ്രദേശത്തെ കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് മാരാംകുളത്ത് സ്ഥാപിച്ച വാട്ടര്‍ ടാങ്ക് ഇതുവരേയും പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടില്ല. ജില്ലാ പഞ്ചായത്ത് 2005-06 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 15 ലക്ഷം രൂപ ചെലവഴിച്ചു നിര്‍മിച്ച ഒരു ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള വാട്ടര്‍ ടാങ്കാണു ഉപയോഗശൂന്യമായി നില്‍ക്കുന്നത്. 2008 ല്‍ ഇതിന്റെ നിര്‍മാണം പൂര്‍ത്തിയായെങ്കിലും ഇതുവരേയും പൈപ്പ് കണക്ഷന് നല്‍കിയിട്ടില്ല. ഉടന്‍ പ്രവര്‍ത്തനം തുടങ്ങണമെന്ന മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവും പാലിക്കപ്പെട്ടില്ല. ഇതുസംബന്ധിച്ച പരാതി അന്വേഷിച്ച് നടപടിയെടുക്കാന്‍ സംസ്ഥാന വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ ബ്യൂറോ ഡയറക്ടര്‍ ഉത്തരവിട്ടിരിക്കുകയാണിപ്പോള്‍. അതേസമയം മാരാംകുളം പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിച്ച് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നു വാട്ടര്‍ അഥോറിറ്റി വ്യക്തമാക്കി. പൈപ്പിടുന്നതിനു പിഡബ്ല്യുഡി അനുമതിക്ക് അപേക്ഷ കൊടുത്തിട്ടുണ്ട്. അതു ലഭിച്ചാല്‍ ഉടന്‍തന്നെ പ്രവൃത്തികള്‍ ആരംഭിക്കുമെന്നും വാട്ടര്‍ അഥോറിറ്റി അറിയിച്ചു.