കോവിഡ് ബാധിതര്‍ക്ക് പാലും മുട്ടയും നല്കി വെള്ളാങ്കല്ലൂര്‍ പഞ്ചായത്ത്
കോണത്തുകുന്ന്: വെള്ളാങ്കല്ലൂര്‍ പഞ്ചായത്തിലെ മുന്നൂറിലധികം വരുന്ന കോവിഡ് നിരീക്ഷണത്തിലുള്ള വീടുകളില്‍ ദിവസവും പാലും മുട്ടയും വിതരണം ചെയ്യാനുള്ള പദ്ധതി ആരംഭിച്ചു. പഞ്ചായത്തിലെ ക്ഷീര കര്‍ഷകര്‍ അടക്കമുള്ളവര്‍ക്കു താങ്ങാവുക എന്ന ലക്ഷ്യവും പദ്ധതിക്ക് പിന്നിലുണ്ട്. കര്‍ഷകരില്‍ നിന്നു നേരിട്ട് പാലും മുട്ടയും വില കൊടുത്ത് വാങ്ങിയാണ് പഞ്ചായത്ത് വീടുകളില്‍ പാലും മുട്ടയും എത്തിക്കുക. പ്രവാസികള്‍, സഹകരണ സംഘങ്ങള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണു പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി ചെലവിന്റെ പകുതി തുക ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കുമെന്നു പദ്ധതി ഉദ്ഘാടനം ചെയ്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ലത ചന്ദ്രന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്, വൈസ് പ്രസിഡന്റ് സുജന ബാബു, പഞ്ചായത്ത് അംഗം ഷറഫുദ്ദീന് എന്നിവര്‍ പ്രസംഗിച്ചു.