ആയുര്‍വേദ ക്ലിനിക്ക് കെട്ടിടം നവീകരിക്കാന്‍ ഭക്തരുടെ സഹായം തേടാന്‍ ദേവസ്വം
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ആയുര്‍വേദ പദ്ധതിയുടെ ഭാഗമായി ക്ലിനിക്ക് ആരംഭിക്കുന്നതിനു കര്‍മവേദി കെട്ടിടം നവീകരിക്കാന്‍ സാമ്പത്തിക സഹായത്തിനായി തെക്കേനടയിലെ ഭക്തരുടെ യോഗം വിളിക്കും. പടിഞ്ഞാറേ നടയിലെ ഭക്തരുടെ നേതൃത്വത്തില്‍ ക്ഷേത്രം പടിഞ്ഞാറേ ഗോപുരം നവീകരിക്കുന്നതു പോലെ തെക്കേനടയിലെ ഭക്തരുടെ സഹായത്തോടെ കെട്ടിടം നവീകരിക്കാനാണ് ആലോചിക്കുന്നതെന്നു ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന് പറഞ്ഞു. കെട്ടിട നവീകരണത്തിന് അഞ്ചു ലക്ഷത്തിലേറെ രൂപ ചെലവു വരുമെന്നാണു കരുതുന്നത്. സാമ്പത്തിക പ്രതിസന്ധിയില്‍ ബുദ്ധിമുട്ടുന്ന ദേവസ്വത്തിന് ഇത് ഏറ്റെടുക്കുന്നതു പ്രായോഗികമല്ല. അതിനാലാണു ഭക്തരുടെ സഹായം തേടുന്നത്. ഇതിനു മുന്നോടിയായി പ്രധാനപ്പെട്ട വ്യക്തികളുടെ യോഗം വിളിച്ചു കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കുള്ള മതിപ്പു ചെലവു കണക്കാക്കുകയും ചെയ്തിട്ടുണ്ട്. ഒപി, ഉഴിച്ചില്‍ എന്നിവയാണ് ആയുര്‍വേദ ക്ലിനിക്കില്‍ ആദ്യം ആരംഭിക്കുക. ഭാവിയില്‍ ക്ഷേത്രം കൊട്ടാരപ്പറമ്പ്, തെക്കേക്കുളം എന്നിവ പ്രയോജനപ്പെടുത്തി ഒരു ആയുര്‍വേദ ഹബാക്കി മാറ്റാനാണു ലക്ഷ്യമെന്നു ചെയര്മാന് പറഞ്ഞു. 10 ഏക്കറോളം വരുന്ന കൊട്ടാരപ്പറമ്പിന്റെ ഒരു ഭാഗത്ത് ആയുഷ്, ഔഷധി എന്നിവയുടെ സഹകരണത്തോടെ ഔഷധത്തോട്ടം വെച്ചു പിടിപ്പിക്കും. ദേവസ്വം നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ നവംബറിലാണ് ആയുര്‍വേദ ക്ലിനിക്കിനു സര്‍ക്കാര്‍ അനുമതി നല്‍കിയത്.