കാര്‍ഷിക വിഭവങ്ങള്‍ കുടുംബങ്ങളില്‍ നിന്നും കുരിശുമുത്തപ്പനു സമര്‍പ്പിച്ചു
താഴെക്കാട്: സെന്റ് സെബാസ്റ്റ്യന്‍സ് മേജര്‍ ആര്‍ക്കി എപ്പിസ്ക്കോപ്പല്‍ തീര്‍ഥാടന ദേവാലയത്തില്‍ വിശുദ്ധ കുരിശുമുത്തപ്പന്റെ ഊട്ടുതിരുനാളിനു ആവശ്യമുള്ള കാര്‍ഷിക വിഭവങ്ങള്‍ കുടുംബങ്ങളില്‍ നിന്നും ശേഖരിച്ചു കുരിശുമുത്തപ്പനു സമര്‍പ്പിച്ചു. കുടുംബസമ്മേളന ഭാരവാഹികളുടെ നേതൃത്വത്തില്‍ നടന്ന വിഭവസമാഹരണ സമാപനത്തില്‍ ആര്‍ച്ച് പ്രീസ്റ്റ് പ്രഫ. ഡോ. ലാസര്‍ കുറ്റിക്കാടന്‍ ഉത്പ്പന്നങ്ങള്‍ ആശീര്‍വദിച്ച് ഊട്ടു കമ്മിറ്റിക്കു കൈമാറി. ഇന്നു രാവിലെ 6.30 നുള്ള ആഘോഷമായ ദിവ്യബലിക്കു വികാരി ഫാ. ലാസര്‍ കുറ്റിക്കാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. പാക്കറ്റുകളില്‍ ഒരുക്കിയിട്ടുള്ള ഊട്ടുനേര്‍ച്ച വെഞ്ചിരിച്ചു ഭക്തജനങ്ങള്‍ക്കു നല്‍കും. 10 ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്കു പാലക്കാട് ധോണി ധ്യാനകേന്ദ്രത്തിലെ ഫാ. റോബില്‍ മുതുമരത്തില്‍ മുഖ്യകാര്‍മികനായിരിക്കും. റവ. ഡോ. ലിന്റോ കുറ്റിക്കാടന്‍ സന്ദേശം നല്‍കും. വിശുദ്ധ സെബസ്ത്യാനോസിന്റെ മരണതിരുനാളിന്റെ ഓര്മക്കായ് നടത്തുന്ന ശ്രാദ്ധ ഊട്ടിന്റെ ഒരുക്കത്തിനായി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു പ്രവര്‍ത്തിക്കുന്നു. വിശുദ്ധന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള തിരുനാള്‍ പ്രദക്ഷിണവും വര്‍ണമഴയും ഉണ്ടാകും. വൈകീട്ടു 5.30 നുള്ള സമാപന തിരുനാള്‍ തിരുകര്‍മങ്ങള്‍ക്ക് ഫാ. അനൂപ് പാട്ടത്തില്‍ കാര്‍മികത്വം വഹിക്കും. കണ്‍വീനര്‍ ജരാര്‍ദ് ചാതേലി, മാത്യൂസ് കരേടന്, ജോജു കാരാത്ര, ആന്റു ആളൂക്കാരന്‍, എലിസബത്ത്, ജോജു എളങ്കുന്നപുഴ, ജോര്‍ജ് മൂഞ്ഞേലി, ഏജോ, റോയ് എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കും.