നെല്‍കൃഷി നൂറുമേനി വിളവിന്റെ വിജയഗാഥയുമായി ടൈറ്റസ്
കാറളം: കരുവന്നൂര്‍ പുഴയോരത്ത് തെങ്ങിന് തൈകള്‍ക്കിടയിലെ കരനെല്‍ കൃഷിയില്‍ നൂറുമേനി വിളവ് നേടി തേക്കാനത്തു വീട്ടില്‍ ടൈറ്റസ് എന്ന കര്ഷകന്. കാറളം പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ സ്വന്തം സ്ഥലത്താണ് കൃഷി ചെയ്തത്. പ്രവാസ ജീവിതം അവസാനിപ്പിച്ച് ജീവിത സായാഹ്നത്തിലെ വിരസതയകറ്റാനുള്ള മാര്‍ഗമായല്ല ടൈറ്റസ് കൃഷിയെ സമീപിച്ചത് ജനിച്ചു വളര്‍ന്ന കാര്‍ഷിക കുടുംബത്തിലെ നന്മകള് നഷ്ടപ്പെടാത്തതുകൊണ്ടാണ്. കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ട ടൈറ്റസ് ഈ പഞ്ചായത്തില്‍ ആദ്യമായാണു കരഭൂമിയില്‍ നെല്‍കൃഷിയും വിജയകരമായി വിളവെടുക്കാം എന്നു തെളിയിച്ചത്. ഉമയിനത്തില്പെട്ട വിത്താണ് നെല്‍കൃഷിക്കായി ഉപയോഗിച്ചത്. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് വിത്തിറക്കിയത്. വീടിനോടു ചേര്‍ന്നുള്ള പാടശേഖരത്തില്‍ കൃഷി ഇറക്കാറുണ്ടെങ്കിലും കരഭൂമിയില്‍ ആദ്യമായാണ് കൃഷി ഇറക്കിയത്. ജൈവവളമാണ് ഇവിടെ കൃഷിക്കായി ഉപയോഗിച്ചത്. ആദ്യമായി കരഭൂമിയില്‍ കൃഷി ചെയ്യുന്നതിനായി നിലമൊരുക്കാനും മറ്റും ചിലവ് ഏറെ ആയെന്നു ടൈറ്റസ് പറഞ്ഞു. കൊയ്ത്തുപാട്ടിന്റെ ഈണത്തിനൊപ്പം ആദ്യം കതിരു കൊയ്തെടുത്ത് കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേംരാജ് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹനന് വലിയാട്ടില്‍, കാറളം ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ അംഗങ്ങളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.