കെട്ടിടത്തിനു മണ്ണ് ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് അംഗങ്ങളും ചെയര്‍പേഴ്സണും തമ്മില്‍ വാക്കേറ്റം
ഇരിങ്ങാലക്കുട: ഗവ. മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ചു നിര്‍മിക്കുന്ന കെട്ടിടത്തിനു മണ്ണ് ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയില്‍ എല്‍ഡിഎഫ് അംഗങ്ങളും ചെയര്‍പേഴ്സണ്‍ സോണിയഗിരിയും തമ്മില്‍ വാക്കേറ്റം. കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ താന്‍ ഈ വിഷയം ഉന്നയിച്ചപ്പോള്‍ മണ്ണു ലഭ്യമാക്കാമെന്ന് ഉറപ്പു നല്കിയ ചെയര്‍പേഴ്സണ്‍ ഇപ്പോള്‍ എന്‍ജിനീയറിംഗ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നു പറയുന്നതു ശരിയല്ലെന്നു വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. ജിഷ ജോബി കുറ്റപ്പെടുത്തി. കെട്ടിടത്തിന് എസ്റ്റിമേറ്റ് തയാറാക്കിയ നഗരസഭക്കു പറ്റിയ തെറ്റാണു കെട്ടിട നിര്‍മാണം നിറുത്തി വക്കാന്‍ ഇടയാക്കിയതെന്നും ജിഷ ജോബി കുറ്റപ്പെടുത്തി. എന്നാല്‍ കെട്ടിട നിര്‍മാണത്തിന് എസ്റ്റിമേറ്റ് തയാറാക്കിയതു നഗരസഭയല്ലെന്നും നിര്‍മാണവുമായി ബന്ധപ്പെട്ട് യാതൊരു അറിയിപ്പും നഗരസഭക്കു ലഭിച്ചിട്ടില്ലെന്നും മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയഗിരി പറഞ്ഞു. കെട്ടിട നിര്‍മാണത്തിനു മണ്ണ് ആവശ്യപ്പെട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ, കരാറുകാരനോ നഗരസഭയെ സമീപിച്ചിരുന്നില്ലെന്നും സോണിയഗിരി പറഞ്ഞു. കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വിഷയം ഉന്നയിച്ചതിനെ തുടര്‍ന്നാണു നിര്‍വഹണ ഉദ്യോഗസ്ഥരായ കിലയുമായി ബന്ധപ്പെട്ടതെന്നും അതനുസരിച്ച് കില ഉദ്യോഗസ്ഥരില്‍ നിന്നും കത്ത് ആവശ്യപ്പെടുകയായിരുന്നുവെന്നും സോണിയഗിരി വിശദീകരിച്ചു. എന്നാല്‍ നഗരസഭക്കു പറ്റിയ വീഴ്ചയാണു കെട്ടിട നിര്‍മാണം നിറുത്തി വക്കാന്‍ ഇടയാക്കിയതെന്നും നഗരസഭ ഉദ്യോഗസ്ഥരാണ് എസ്റ്റിമേറ്റ് തയാറാക്കിയതെന്നും എല്‍ഡിഎഫ് അംഗം സി.സി. ഷിബിന്‍ ചൂണ്ടിക്കാട്ടി. വിഷയവുമായി ബന്ധപ്പെട്ട് സി.സി. ഷിബിന്‍ സെക്രട്ടറിക്കെതിരെ നടത്തിയ പരാമര്‍ശം സെക്രട്ടറിയും ഷിബിനും തമ്മിലുള്ള തര്‍ക്കത്തിനു വഴിവെച്ചു. കിഫ്ബി പദ്ധതിയില്‍ നടപ്പിലാക്കുന്ന കെട്ടിട നിര്‍മാണം പൂര്‍ണമായും സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണു നടക്കുന്നതെന്നു സെക്രട്ടറി യോഗത്തില്‍ വിശദീകരിച്ചു. നിര്‍വഹണ ഉദ്യോഗസ്ഥരായി നിശ്ചയിച്ചിട്ടുള്ളതു കിലയെയാണ്. ജില്ലാ പഞ്ചായത്ത് എക്സിക്യുട്ടീവ് എന്ജിനീയര്ക്കാണു നിര്‍വഹണ ചുമതല. ജില്ലാ പഞ്ചായത്ത് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ ആവശ്യപ്പെട്ടതനുസരിച്ചു മാത്രമാണു നഗരസഭ ഉദ്യോഗസ്ഥര്‍ എസ്റ്റിമേറ്റ് തയാറാക്കി നല്‍കിയതെന്നും സെക്രട്ടറി വിശദീകരിച്ചു. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ ചാത്തന്മാസ്റ്റര് കെട്ടിട നിര്‍മാണത്തിന്റെ ഭാഗമായി കുഴിച്ചെടുത്ത മണ്ണ് നല്കുന്നതിനു നടപടി സ്വീകരിക്കുവാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.