കൂടല്‍മാണിക്യം ഉത്സവത്തിനു കാണികളെ ആവേശം കൊള്ളിച്ച ഛൌ നൃത്തവും കുച്ചുപ്പുഡിയും
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ഉത്സവത്തിനു വരുന്ന ഇരിങ്ങാലക്കുടക്കാര്‍ക്ക് അത്ര പരിചിതമല്ലാത്ത നൃത്തരൂപമായ ഛൌ നൃത്തം ആദ്യമായി അരങ്ങിലെത്തിയ പ്രത്യേകത ഇത്തവണത്തെ തിരുവുത്സവത്തിനുണ്ട്. ഒറീസയില്‍ നിന്നും ജാര്‍ഖണ്ഡില്‍ നിന്നും വന്ന സെരെക്കെല്ല, മയൂര്ബംഗ് ഛൌ സംഘങ്ങള്‍ വളരെ ഊര്‍ജ്ജസ്വലമായ പ്രകടനമാണു കാഴ്ചവെച്ചത്. ക്ലാസിക്കല്‍ ഫോക്ക് ശൈലികളുടെ മിശ്രണം, ചടുലമായ ചലനങ്ങള്‍, അപാരമായ മെയ്വഴക്കം എന്നിവയിലൂടെ കാണികളെ പിടിച്ചിരുത്താന്‍ നര്‍ത്തകര്‍ക്കു കഴിഞ്ഞു. പ്രതീക്ഷ കാശിയുടെ കുച്ചുപ്പുഡി അവതരണവും അതിമനോഹരമായ അനുഭവമായിരുന്നു. ചുവടുകളും അഭിനയവും ഒരുപോലെ മികച്ച പ്രകടനമായിരുന്നു പ്രതീക്ഷ കാശിയുടേത്. കൂടാതെ മൈസൂര്‍ ചന്ദന്‍ കുമാറിന്റെ പുല്ലാങ്കുഴല്‍ കച്ചേരിയും നടന്നു. ട്രിവാന്‍ഡ്രം സമ്പത്ത് (വയലിന്), ബാലകൃഷ്ണ കമ്മത്ത് (മൃദംഗം), ഉടുപ്പി ശ്രീകാന്ത് (ഗഞ്ചിറ) എന്നിവര്‍ അകമ്പടിയായെത്തി. എന്‍.കെ. ശങ്കരന്‍കുട്ടിയുടെ കര്‍ണാടക സംഗീതം, തെക്കെ മനവലശേരി എന്‍എസ്എസ് വനിതാസമാജം അവതരിപ്പിച്ച തിരുവാതിരക്കളി, രജിത ചന്ദ്രന്റെ കുച്ചുപ്പുഡി എന്നീ ഇനങ്ങളും അരങ്ങേറി.