പൊതുകിണറുകളെ സംരക്ഷിക്കാന്‍ കാട്ടൂര്‍ ഗ്രാമപഞ്ചായത്ത്
നവജീവന്‍ വീണ്ടെടുത്ത് കാട്ടൂരിലെ പൊതുകിണറുകള്‍
കാട്ടൂര്‍: എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട പൊതുകിണറുകളെ സംരക്ഷിക്കാന്‍ തീരുമാനിച്ച് കാട്ടൂര്‍ ഗ്രാമപഞ്ചായത്ത്. ഒരു കാലത്ത് കാട്ടൂരിലെ പൊതുജനങ്ങളുടെ കുടിവെള്ള ലഭ്യതക്ക് ആശ്രയമായിരുന്ന കിണറുകളാണ് ഇന്നു ശ്രദ്ധയറ്റ് വെറും ശേഷിപ്പുകളായി മാറിക്കൊണ്ടിരിക്കുന്നത്. അവയുടെ പുനരുദ്ധാരണത്തിലൂടെ ശുദ്ധജല സംഭരണത്തിനു പുതിയ മാനങ്ങള്‍ കൈവരിക്കാന്‍ ഒരുങ്ങുകയാണു പഞ്ചായത്ത് ഭരണസമിതി. പഞ്ചായത്തിലെ 14 വാര്‍ഡുകളിലായി 40 ലേറെ കിണറുകളാണു നിലവിലുള്ളത്. എല്ലാ വീടുകളിലും കിണറുകളും ഗാര്‍ഹിക കുടിവെള്ള സംവിധാനങ്ങളും ഇല്ലാതിരുന്ന കാലത്തു തന്നെ കിണറുകളുടെ കാര്യത്തില്‍ സമ്പൂര്‍ണത കൈവരിക്കുന്നതിനു കാട്ടൂര്‍ പഞ്ചായത്തിന് ആയിട്ടുണ്ട്. ആറാം വാര്‍ഡില്‍ പൊഞ്ഞനം ക്ഷേത്ര പരിസരത്ത് കഴിഞ്ഞ ദിവസം പുനരുദ്ധാരണം പൂര്‍ത്തീകരിച്ച കിണര്‍ പഴയ കാലത്ത് ഒരുപാട് കുടുംബങ്ങളുടെയും സ്ഥാപനങ്ങളുടേയും ഏകാശ്രയമായിരുന്നു. എന്നാല്‍ വര്‍ഷങ്ങളായി ആരും ഉപയോഗിക്കാത്തതിനാല്‍ കാടുപിടിച്ചു കിടക്കുന്ന അവസ്ഥയിലായിരുന്നു കിണര്‍. ഈ കിണര്‍ ഉള്‍പ്പെടെ 20 ഓളം കിണറുകള്‍ നിലവില്‍ കേടുപാടുകള്‍ തീര്‍ത്ത് ഉപയോഗ്യമാക്കിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കിണറുകളുള്ള ആറാം വാര്‍ഡിലെ അഞ്ചു കിണറുകളുടേയും പുനര്‍നിര്‍മാണം പൂര്ത്തീകരിക്കാറായതായി വാര്‍ഡ് മെമ്പര്‍ വി.എം. കമറുദീന് അറിയിച്ചു. ജലാശയ സംരക്ഷണത്തിനായി കുളങ്ങളും തോടുകളും വീണ്ടെടുക്കുന്നതിന്റെ ഭാഗമായാണു കിണറുകളും സംരക്ഷിക്കാന്‍ തീരുമാനിച്ചത്. ഇതിനായി പ്രത്യേക കര്‍മ പദ്ധതി രൂപീകരിച്ചതായി പ്രസിഡന്റ് ഷീജ പവിത്രന് അറിയിച്ചു. അകംപാടം കാപ്പ്, പുതുക്കുളം, നീരുകുളം എന്നിവയുടെ പുനര്‍നിര്‍മാണവും ഇതിനോടകം പൂര്‍ത്തീകരിച്ചു.