ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങും, ഒരു കോടി ചെലവ്
തളിയക്കോണം: ഇരിങ്ങാലക്കുട നഗരസഭയുടെ ഉടമസ്ഥതയിലുള്ള തളിയക്കോണം ബാപ്പുജി സ്മാരക സ്റ്റേഡിയം വികസനത്തിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. കരാറുകാരനെ ഏല്‍പ്പിച്ച് ഉടന്‍ പ്രവൃത്തികള്‍ ആരംഭിക്കുമെന്ന് ജില്ലാ കായിക വിഭാഗം വ്യക്തമാക്കി. ചുറ്റും മതില്‍ക്കെട്ടി സംരക്ഷിക്കുന്ന ജോലിയാണ് ചെയ്യുന്നത്. സ്റ്റേഡിയം വികസനത്തിന്റെ ഭാഗമായി സ്ഥലം ജില്ലാ കായിക വിഭാഗം സര്‍വേ നടത്തി മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയതിന്റെ അടിസ്ഥാനത്തിലാണ് പ്രവൃത്തികള്‍ ആരംഭിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ കായിക വിഭാഗം പ്രോജക്ട് എന്‍ജിനീയര്‍ പി.സി. രഞ്ജിത്ത്, എറണാകുളം പ്രോജക്ട് എന്‍ജിനീയര്‍ ശ്രുതി രാജ് എന്നിവരുടെ നേതൃത്വത്തിലാണ് സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഒരു കോടി രൂപ ചെലവഴിച്ചാണ് സ്റ്റേഡിയം വികസനം നടത്തുന്നത്. അയ്യങ്കാവ് മൈതാനം കഴിഞ്ഞാല്‍ ഇരിങ്ങാലക്കുട നഗരസഭയിലെ ഏറ്റവും വലിയ മൈതാനമാണ് ബാപ്പുജി സ്റ്റേഡിയം. രണ്ടേക്കര്‍ ആറു സെന്റ് സ്ഥലമുണ്ട്. എന്നാല്‍ വേണ്ടത്ര പ്രാധാന്യം നല്‍കാതിരുന്നതോടെ സ്റ്റേഡിയം കാടുകയറി. പൊറത്തിശേരി പഞ്ചായത്തായിരുന്ന കാലത്ത് 1990 മേയിലാണ് അന്നത്തെ ഭവന നിര്‍മാണ വകുപ്പ് മന്ത്രിയായിരുന്ന ലോനപ്പന് നമ്പാടന് കളിസ്ഥലവും സമ്മേളനവേദിയും ഉദ്ഘാടനം ചെയ്തത്. ശേഷം മേഖലയിലെ യുവാക്കളുടെ കായിക വളര്‍ച്ചയ്ക്കു ഉതകുന്ന തരത്തില്‍ മൈതാനം നവീകരിച്ച് സ്റ്റേഡിയം നിര്‍മിക്കാന്‍ കിഴക്കുഭാഗത്തുനിന്നും തെക്കുഭാഗത്തുനിന്നും കൂടുതല്‍ സ്ഥലം ഏറ്റെടുക്കുകയും കുഴിയായ ഭാഗം കുറെ നിരപ്പാക്കുകയും ചെയ്തു. ബാപ്പുജി സ്മാരക സ്റ്റേഡിയം എന്ന് പുനര്‍നാമകരണം ചെയ്തു. 2010ല്‍ പൊറത്തിശേരി പഞ്ചായത്ത് നഗരസഭയില്‍ ലയിച്ച ശേഷം കേന്ദ്ര കായികമന്ത്രാലയത്തില്നിന്ന് സാമ്പത്തിക സഹായം ലഭ്യമാക്കി ഗ്രൗണ്ട് നവീകരിച്ച് പവിലിയന് ഒരുക്കാന്‍ പദ്ധതിയുണ്ടായെങ്കിലും നടപ്പിലായില്ല. മൈതാനത്തിന്റെ 60 ശതമാനം സ്ഥലവും ഉപയോഗശൂന്യമായി. 2013-14 ലായി ലക്ഷങ്ങള്‍ ചെലവഴിച്ച് മൈതാനത്തിന് ചുറ്റുമായി സ്ഥാപിച്ച പത്ത് സോളാര്‍ ലൈറ്റുകള്‍ നശിച്ചുപോയി. സ്റ്റേജിലെ അലമാര, മേശ, വാതില്‍ എന്നിവയെല്ലാം സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു.