മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനവും വിപണനവും ലക്ഷ്യമിട്ട് കാര്‍ഷിക മിഷന് രൂപം നല്‍കിയതായി മന്ത്രി പി. പ്രസാദ്
ഇരിങ്ങാലക്കുട: മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനവും വിപണനവും ലക്ഷ്യമിട്ട് മൂല്യവര്‍ധിത കാര്‍ഷിക മിഷന് രൂപം നല്കി കഴിഞ്ഞതായും ലോക ബാങ്കില്‍ നിന്നുള്ള സഹായം അടക്കം 2206 കോടി രൂപ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ചിലവഴിക്കുമെന്നും കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ്. മുഖ്യമന്ത്രി ചെയര്‍മാനായും ഒന്‍പത് മന്ത്രിമാര്‍ അംഗങ്ങളായും ഉള്ള മീഷനിലൂടെ കര്‍ഷകര്‍ക്ക് വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ കാലതാമസമില്ലാതെ നല്‍കാനാണ് ലക്ഷ്യമിടുന്നത്. വിഎഫ്പിസികെ കരുവന്നൂര്‍ സ്വാശ്രയ കര്‍ഷകസമിതിയുടെ മന്ദിരോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കാലാവസ്ഥ വ്യതിയാനം അടക്കമുള്ള കാരണങ്ങള്‍ മൂലം ഭാവിയില്‍ ഉണ്ടായേക്കാവുന്ന കാര്‍ഷിക, ഭക്ഷ്യ പ്രതിസന്ധി നേരിടാന്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനമാണ് പരിഹാരമായിട്ടുള്ളത്. ഒരു കൃഷിഭവന്റെ കീഴില്‍ ഒരു മൂല്യവര്‍ധിത ഉല്‍പ്പന്നമെങ്കിലും ഉണ്ടാക്കാന്‍ കഴിയണമെന്നതാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാടെന്നും മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു അധ്യക്ഷയായിരുന്നു. ഇരിങ്ങാലക്കുട ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ ഷെയര്‍ വിതരണ ഉദ്ഘാടനവും മന്ത്രി പി. പ്രസാദ് നിര്‍വഹിച്ചു. വിഎഫ്പിസികെ ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ വി. ശിവരാമകൃഷ്ണന്, നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി, വാര്‍ഡ് കൗണ്‍സിലര്‍ കെ. പ്രവീണ്‍, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, കര്‍ഷക സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു. സമിതി പ്രസിഡന്റ് കെ.സി. ജെയിംസ് സ്വാഗതവും വിഎഫ്പിസികെ ജില്ലാ മാനേജര്‍ ജഹാംഗീര്‍ കാസിം നന്ദിയും പറഞ്ഞു.