സംസ്ഥാന ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡ് ക്രൈസ്റ്റ് കോളജിന്.
ഇരിങ്ങാലക്കുട: ഊര്‍ജ്ജസംരക്ഷണത്തിനുള്ള സംസ്ഥാന അക്ഷയ ഊര്‍ജ്ജ അവാര്‍ഡിന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് അര്‍ഹമായി.
തിരുവനന്തപുരം മഹാത്മാ അയ്യങ്കാളി ഹാളില്‍ വെച്ച് നടന്ന അവാര്‍ഡ് ദാന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി അഡ്വക്കേറ്റ് ആന്റണി രാജു മുഖ്യപ്രഭാഷണം നടത്തി. ക്രൈസ്റ്റ് കോളേജിന് വേണ്ടി പ്രിന്‍സിപ്പാള്‍ ഡോ. ഫാ. ജോളി ആന്‍ഡ്രൂസ്, വൈസ് പ്രിന്‍സിപ്പാള്‍ ഫാ. ജോയ് പണിക്കപറമ്പില്‍, ഡോ. സുബിന് ജോസ്, മിസ്റ്റര്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്ന് സംസ്ഥാന വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. ഊര്‍ജ്ജ ഉല്പാദനത്തിലും പുനരുപയോഗത്തിലും സംസ്ഥാനതലത്തിലുള്ള മികച്ച മാതൃകകള്‍ക്കാണ് അവാര്‍ഡ് നല്കപ്പെട്ടത്. കോളേജ് കെട്ടിടങ്ങളുടെ മേല്‍ക്കൂരയില്‍ സ്ഥാപിച്ചിരിക്കുന്ന 210 കിലോവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുന്ന സോളാര്‍ പാനലുകള്‍ പ്രത്യേക പരാമര്‍ശന വിധേയമായി. ഊരോര്ജത്തില് പ്രവര്‍ത്തിക്കുന്ന ലാബുകള്‍, സൗരോര്‍ജ്ജം ഉപയോഗിച്ച് വാഹനങ്ങള്‍ റീചാര്‍ജ് ചെയ്യുന്ന ചാര്‍ജിങ് സ്റ്റേഷനുകള്‍, സമ്പൂര്‍ണ്ണ എല്‍ഇഡി വെളിച്ച സംവിധാനം, മഴ വെള്ളത്തിന്റെ സംഭരണവും പുനരുപയോഗവും, പാഴ് വസ്തുക്കള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പേപ്പര്‍ നിര്‍മാണ യൂണിറ്റ് എന്നിവ പുരസ്കാര നിര്‍ണയത്തിന് കോളേജിനെ അര്‍ഹമാക്കിയ മറ്റ് കാര്യങ്ങളാണ്.