തളിയക്കോണം ബാപ്പുജി സ്റ്റേഡിയം വികസനം യാഥാര്‍ഥ്യത്തിലേക്ക്
ഫെബ്രുവരി ആദ്യവാരം നിര്‍മാണം തുടങ്ങും
ഒരുകോടി രൂപ ചെലവഴിച്ചാണ് വികസനം
കരുവന്നൂര്‍: ഇരിങ്ങാലക്കുട നഗരസഭയുടെ ഉടമസ്ഥതയിലുള്ള തളിയക്കോണം ബാപ്പുജി സ്മാരക സ്റ്റേഡിയം വികസനം യാഥാര്‍ഥ്യത്തിലേക്ക്. സംരക്ഷണഭിത്തി നിര്‍മാണം ഫെബ്രുവരി ആദ്യവാരം തുടങ്ങുമെന്ന് ജില്ലാ കായികവിഭാഗം വ്യക്തമാക്കി. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി കരാറുകാരനെ ഏല്‍പ്പിച്ചു.
നിര്‍മാണത്തിനായി സ്ഥലം കൈമാറുന്നതിനുള്ള സാങ്കേതിക തടസങ്ങള്‍ നീക്കി നഗരസഭ അതിന്റെ രേഖകള്‍ കൈമാറി. ഇതിന് ജില്ലാ കായിക വിഭാഗം മേധാവിയുടെ അനുമതി ലഭിച്ചാല്‍ ഫെബ്രുവരി ആദ്യവാരത്തില്‍ത്തന്നെ നിര്‍മാണം ആരംഭിക്കുമെന്ന് കായികവിഭാഗം വ്യക്തമാക്കി. ഒരു കോടി രൂപ ചെലവഴിച്ചാണ് വികസനം. രണ്ടേക്കര്‍ ആറു സെന്റ് സ്ഥലത്തായിട്ടാണ് മൈതാനം. സ്റ്റേഡിയത്തിന്റെ പിറകുവശത്ത് 4.5 മീറ്റര്‍ ഉയരത്തിലും അരികുകളിലും സംരക്ഷണഭിത്തി നിര്‍മാണം, സ്റ്റേഡിയത്തിലെ മണ്ണ് ഉപയോഗിച്ച് കളിക്കുവാന്‍ കഴിയുന്ന തരത്തില്‍ മഡ് കോര്‍ട്ട് ഒരുക്കല്‍ എന്നീ പ്രവൃത്തികളാണ് ചെയ്യുന്നത്. സ്റ്റേഡിയം വികസനത്തിന്റെ ഭാഗമായി ജില്ലാ കായികവിഭാഗം സര്‍വേ നടത്തി മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിയതിന്റെ അടിസ്ഥാനത്തിലാണ് നിര്‍മാണം ആരംഭിക്കുന്നത്. അയ്യങ്കാവ് കഴിഞ്ഞാല്‍ ഇരിങ്ങാലക്കുട നഗരസഭയിലെ ഏറ്റവും വലിയ മൈതാനമാണ് ബാപ്പുജി സ്റ്റേഡിയം. പൊറത്തിശ്ശേരി പഞ്ചായത്തായിരുന്ന കാലത്ത് 1990 മേയിലാണ് കളിസ്ഥലവും സമ്മേളനവേദിയും ഉദ്ഘാടനം ചെയ്തത്. പിന്നീട് മൈതാനം നവീകരിച്ച് സ്റ്റേഡിയം നിര്‍മിക്കാന്‍ കിഴക്കുഭാഗത്തുനിന്നും തെക്കുഭാഗത്തുനിന്നും കൂടുതല്‍ സ്ഥലം ഏറ്റെടുക്കുകയും കുഴിയായ ഭാഗം കുറെ നിരപ്പാക്കുകയും ചെയ്ത് ബാപ്പുജി സ്മാരക സ്റ്റേഡിയം എന്ന് പുനര്‍നാമകരണം ചെയ്തു. എന്നാല്‍, പിന്നീട് യാതൊരു വികസനവും സ്റ്റേഡിയത്തില്‍ നടന്നില്ല. 2010ല്‍ പൊറത്തിശ്ശേരി പഞ്ചായത്ത് നഗരസഭയില്‍ ലയിച്ചശേഷം 201314ലായി ലക്ഷങ്ങള്‍ ചെലവഴിച്ച് ഗ്രൗണ്ടിന് ചുറ്റിലുമായി സ്ഥാപിച്ച പത്ത് സോളാര്‍ ലൈറ്റുകള്‍ തകര്‍ന്നു.