ഷണ്മുഖം കനാല്‍ ബണ്ട് നിര്‍മാണം തുടങ്ങി;
പുനര്‍നിര്‍മാണം 33 മീറ്ററില്‍, ചെലവ് 50 ലക്ഷം
എടക്കുളം: രണ്ടുതവണ ഇടിഞ്ഞുപോയ ഷണ്മുഖം കനാല്‍ തെക്കേ ബണ്ട് റോഡിന്റെ അരിക് പുനര്‍നിര്‍മാണം തുടങ്ങി. നഗരസഞ്ചയനം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 33 മീറ്റര്‍ പുനര്‍നിര്‍മിക്കുന്നത്. പൂമംഗലം ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ എടക്കുളം കനാല്‍ പാലത്തിന് അരികിലൂടെ പടിയൂര്‍ പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന തെക്കേ ബണ്ട് റോഡാണ് മരപ്പാലത്തിന് സമീപം 2019ലും 2020ലും ഇടിഞ്ഞത്. അരിക് ഇടിഞ്ഞതിനെ തുടര്‍ന്ന് റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി ഈ ഭാഗം പുനര്‍നിര്‍മ്മിക്കാന്‍ 30 ലക്ഷം അനുവദിച്ചിരുന്നെങ്കിലും അതുകൊണ്ട് പൂര്‍ത്തിയാക്കാനാകില്ലെന്നതിനാല്‍ അത് ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്നാണ് നഗരസഞ്ചയനം പദ്ധതിയില്‍ ഉള്‍പ്പെടുത്തി അരിക് കെട്ടുന്നതിനായി 50 ലക്ഷം അനുവദിച്ചത്. കനാലിന്റെ അരികിടിഞ്ഞുപോയ ഭാഗത്ത് തെങ്ങിന്‍മുട്ടികള്‍ ഇട്ട് ബലപ്പെടുത്തുന്നതാണ് ആരംഭിച്ചിരിക്കുന്നത്. ഈ റോഡിനരികില്‍ 200 കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്.