മികച്ച ശുചിത്വബ്ലോക്കായി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്
ഇരിങ്ങാലക്കുട: ജില്ലയിലെ മികച്ച ശുചിത്വബ്ലോക്കായി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിനെ ഹരിതകേരള മിഷന് പ്രഖ്യാപിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷമായി ബ്ലോക്ക് പഞ്ചായത്ത് അതിനു കീഴിലുള്ള നാലു പഞ്ചായത്തുകളില്‍ നടപ്പാക്കിയ പദ്ധതികള്‍ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണു ഈ പ്രഖ്യാപനം. ജൈവ, അജൈവ മാലിന്യ സംസ്കരണം സംബന്ധിച്ച് സംസ്ഥാന ശുചിത്വമിഷന് പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗരേഖ അുസരിച്ച് ബ്ലോക്ക് പരിധിയിലെ കാറളം, കാട്ടൂര്‍, മുരിയാട്, പറപ്പൂക്കര ഗ്രാമപഞ്ചായത്തുകളിലായിട്ടാണു പദ്ധതികള്‍ നടപ്പാക്കിയത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഒരു കോടി രൂപയാണ് ഈ മേഖലയില്‍ ബ്ലോക്ക് പഞ്ചായത്ത് ചെലവഴിച്ചിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ നടപ്പാക്കിയ പദ്ധതികള്‍ വിലയിരുത്തിയ ഹരിതകേരള മിഷന് റൂറില്‍ 82 മാര്‍ക്ക് നല്‍കിയാണ് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിനു ഒന്നാം സ്ഥാനം നല്‍കിയത്. ശുചിത്വബ്ലോക്കായി ഇരിങ്ങാലക്കുട ബ്ലോക്ക് തെരഞ്ഞെടുക്കപ്പെട്ടതിന്റെ പ്രഖ്യാപനം പ്രഫ. കെ.യു. അരുണന് എംഎല്‍എ നിര്‍വഹിച്ചു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ. മനോജ്കുമാര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്ണന്, ബ്ലോക്ക് സെക്രട്ടറി സി. ശ്രീജിത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ തോമസ് തത്തംപിള്ളി, കമറുദ്ദീന് വലിയകത്ത്, മനോഹരന് എന്നിവര്‍ പ്രസംഗിച്ചു. കോവിഡ്19 സുരക്ഷാ ക്രമീകരണങ്ങളോടെ നടത്തിയ ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത്ത അംഗങ്ങളായ പി.വി. കുമാരന്, മിനി സത്യന്, കെ.എ. മനോഹരന്, മല്ലിക ചാത്തുക്കുട്ടി, ഷംല അസീസ്, രാജന് കരവട്ട്, വനജ ജയന്, ജയശ്രീ, അംബുജം രാജന്, വനിതാ ശിശു ക്ഷേമ ഓഫീസര്‍ ഷംസാദ് എന്നിവര്‍ പങ്കെടുത്തു.
- ഹരിതകര്മസേനകള് രൂപവത്കരിച്ച വീടുകളില്‍ നിന്ന് പ്ലാസ്റ്റിക് കവറുകള്‍ അടക്കമുള്ള അജൈവമാലിന്യങ്ങള്‍ ശേഖരിച്ചു.
- ജൈവമാലിന്യം സംസ്കരിക്കാന്‍ പഞ്ചായത്തുകളില്‍ പദ്ധതി നടപ്പാക്കി.
- ജലസംരക്ഷണത്തിനുവേണ്ടി കുളങ്ങള്‍ വൃത്തിയാക്കി.
- ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകള്‍ക്കു കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കി.
മാലിന്യ സംസ്കരണം സംബന്ധിച്ച് സംസ്ഥാന ശുചിത്വമിഷന് പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗരേഖ അനുസരിച്ച് നാലു പഞ്ചായത്തുകളിലായി നടത്തിയ പ്രവര്‍ത്തനങ്ങളാണു ഈ നേട്ടത്തിനു കാരണം. നാലു പഞ്ചായത്തുകളിലും കൃത്യമായി പദ്ധതി നടപ്പാക്കാന്‍ ബ്ലോക്കിനു കഴിഞ്ഞു. ഹരിതകര്‍മസേന രൂപവത്കരിച്ച് അജൈവമാലിന്യങ്ങള്‍ ശേഖരിച്ച് സംസ്കരിക്കാനുള്ള പ്ലാന്റ് നിര്‍മിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നാലു പഞ്ചായത്തുകളില്‍ നിന്നും വാങ്ങി സംസ്കരിക്കുന്നതിലൂടെ മൂന്നു പേര്‍ക്കു മാസശമ്പളത്തില്‍ സ്ഥിരം ജോലി ലഭ്യമാക്കാന്‍ കഴിഞ്ഞു.