കരുവന്നൂര്‍ ബാങ്ക് : ഭരണസമിതി പിരിച്ചുവിട്ടാല്‍ ആറ് മാസത്തിനകം തിരഞ്ഞെടുപ്പു നടത്തണമെന്ന നിബന്ധന പാലിക്കപ്പെടുന്നില്ല
വീണ്ടും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി നിയമനം
കരുവന്നൂര്‍: 300 കോടിയോളം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയ കരുവന്നൂര്‍ ബാങ്കില്‍ ഭരണസമിതി പിരിച്ചുവിട്ടാല്‍ ആറ് മാസത്തിനകം തിരഞ്ഞെടുപ്പു നടത്തണമെന്ന നിബന്ധന പാലിക്കപ്പെടുന്നില്ല. വീണ്ടും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ നിയോഗിച്ചു. സഹകരണ സംഘങ്ങളില്‍ ഭരണസമിതി പിരിച്ചുവിട്ടാല്‍ ആറുമാസത്തിനകം തിരഞ്ഞെടുപ്പ് നടത്തണമെന്നാണു ബൈലോയില്‍ നിബന്ധനലയെങ്കിലും ഇതു പാലിക്കാതെയാണു വീണ്ടും അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയെ നിയോഗിച്ചത്. സഹകരണ വിദഗ്ധനടക്കം മൂന്ന് പേരടങ്ങുന്നതാണ് കമ്മിറ്റി. ജോയിന്റ് റജിസ്ട്രാറുടെ വിവേചനാധികാര പ്രകാരമാണ് ഉത്തരവെന്നു വിവരമുണ്ട്. തട്ടിപ്പു പുറത്തുവന്നതിനുശേഷം 2021 ജൂലൈയിലാണു കരുവന്നൂര്‍ ബാങ്കിലെ ഭരണസമിതിയെ പിരിച്ചുവിട്ടത്. മുകുന്ദപുരം അസിസ്റ്റന്റ് റജിസ്ട്രാര്‍ക്കു ചുമതല നല്കി അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തി. പിന്നീട് അഡ്മിനിട്രേറ്റീവ് കമ്മറ്റിയെ ചുമതല ഏല്‍പ്പിക്കുകയും ചെയ്തു.ഭരണ സമിതിയിലെ മുഴുവന്‍ അംഗങ്ങളും തട്ടിപ്പുകേസില്‍ പ്രതിചേര്‍ക്കപ്പെടുകയും അറസ്റ്റിലാവുകയും ചെയ്തിരുന്നു. ആറ് മാസം പിന്നിട്ടല്തിരഞ്ഞെടുപ്പാണു കീഴ്വഴക്കമെങ്കിലും പല കാരണങ്ങളാല്‍ തിരഞ്ഞെടുപ്പ് നീണ്ടുപോയി. പുതിയ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയെ നിയോഗിച്ച് ഉത്തരവിറങ്ങിയ സാഹചര്യത്തില്‍ ഇനി എന്നു തിരഞ്ഞെടുപ്പു നടക്കുമെന്ന കാര്യത്തില്‍ അവ്യക്തത തുടരുന്നു. അതേ സമയം കമ്മറ്റിയെ നിയോഗിച്ചുകൊണ്ടുള്ളഉത്തരവു ലഭിച്ചിട്ടില്ലെന്നാണ് അസിസ്റ്റന്റ് റജിസ്ട്രാറുടെ ഓഫീസ് നല്കുന്ന വിവരം. റിട്ട. ബിഡിഒ എ.എന്‍. ശ്രീകാന്ത്, ഫെഡറല്‍ ബാങ്ക് റിട്ട. സീനിയര്‍ മാനേജരും അഭിഭാഷകനുമായ മോഹന്‍ദാസ് പാറയില്‍, ചന്ദ്രശേഖരന് എന്നിവരാണ് സമിതി അംഗങ്ങള്‍. ചന്ദ്രശേഖരനാണ് സമിതി കണ്‍വീനര്‍.