വഴിയിൽ നഷ്ടപ്പെട്ടുപോയ പണമടങ്ങിയ ബാഗ് ഉടമയ്ക്ക് തിരിച്ചുനൽകി കാറ്ററിംഗ് ജീവനക്കാരൻ

ഇരിങ്ങാലക്കുട: വഴിയിൽ നഷ്ടപ്പെട്ട് പോയ പണമടങ്ങിയ ബാഗ് ഉടമയ്ക്ക് തിരിച്ചുനൽകി കാറ്ററിംഗ് ജീവനക്കാരൻ. കുഴിക്കാട്ടുകോണം മഠത്തിപ്പറന്പിൽ സന്തോഷാണ് റോഡിൽനിന്നു കിട്ടിയ ബാഗ് പോലീസിന്റെ സഹായത്തോടെ ഉടമ താണിശേരി പത്തനാപുരം എൻ.പി. പദ്മനാഭൻ നന്പൂതിരിക്ക് തിരിച്ചുനൽകിയത്.
കഴിഞ്ഞ ദിവസം പുലർച്ചെ ഇരിങ്ങാലക്കുട മെയിൻ റോഡിൽ ഗവ. ബോയ്സ് സ്കൂളിന് സമീപത്തു നിന്നാണു ബാഗ് കിട്ടിയത്. കൂടൽമാണിക്യം ക്ഷേത്രത്തിലെത്തിയ തീർഥാടകർക്ക് പ്രാതലുമായി പോകുകയായിരുന്ന സന്തോഷ് സ്കൂളിന് സമീപം സഞ്ചി കിടക്കിടക്കുന്നതുകണ്ട് വണ്ടി നിർത്തുകയായിരുന്നു. ഉടൻതന്നെ കാട്ടുങ്ങച്ചിറയിലുള്ള പോലീസ് സ്റ്റേഷനിലെത്തി ബാഗ് കൈമാറി. മാടായിക്കോണം പി.കെ. ചാത്തൻമാസ്റ്റർ സ്മാരക ഗവ. യുപി സ്കൂൾ പിടിഎ പ്രസിഡന്റുമാണ് എം.സി. സന്തോഷ്.