ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ അര്‍ഹമായ പ്രാധാന്യം നല്‍കിയില്ലെന്ന് നഗരസഭാ യോഗത്തില്‍ പ്രതിപക്ഷ വിമര്‍ശനം
പ്രതിപക്ഷം അനാവശ്യ കാര്യങ്ങള്‍ പറഞ്ഞ് സമയം നഷ്ടപ്പെടുത്തുകയാണെന്ന് ഭരണപക്ഷം
ഇരിങ്ങാലക്കുട: നഗരസഭയില്‍ ആദ്യമായി ആരംഭിച്ച ഹെല്നെസ്റ്റ് സെന്ററിന്റെ ഉദ്ഘാടന ചടങ്ങിനെ ചൊല്ലി നഗരസഭാ യോഗത്തില്‍ പ്രതിപക്ഷ അംഗങ്ങളുടെ വിമര്‍ശനം. ചടങ്ങില്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും വാര്‍ഡ് കൗണ്‍സിലര്‍ക്കും അര്‍ഹമായ സ്ഥാനം കിട്ടിയില്ലെന്ന് നിശ്ചിത അജണ്ടകള്‍ക്ക് മുമ്പായി എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ അഡ്വ. കെ.ആര്. വിജയ, ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സന്തോഷ് ബോബന് എന്നിവര്‍ വിമര്‍ശിച്ചു. വെല്‍നെസ് സെന്ററില്‍ ഫാര്‍മസിസ്റ്റ് എത്തിയിട്ടില്ലെന്നും മരുന്നുകള്‍ വയ്ക്കാന്‍ റാക്കുകള്‍ തയ്യാറായിട്ടില്ലെന്നും ധൃതി പിടിച്ച് ഉദ്ഘാടനം നടത്തേണ്ട ആവശ്യം ഇല്ലായിരുന്നുവെന്നും വാര്‍ഡ് കൗണ്‍സിലര്‍ അമ്പിളി ജയനും കുറ്റപ്പെടുത്തി.
നഗരസഭയില്‍ സ്റ്റീയറിംഗ് കമ്മിറ്റി യോഗങ്ങള്‍ ചേരുന്നില്ലെന്നും 41 അംഗ ഭരണസമിതി യുഡിഎഫ് ന്യൂനപക്ഷമാണെന്ന വസ്തുത ആരും മറക്കരുതെന്നും എല്‍ഡിഎഫ് അംഗം സി.സി. ഷിബിനും ചൂണ്ടിക്കാട്ടി. ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും മാപ്രാണത്തെ ചാത്തന് മാസ്റ്റര്‍ ഹാളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് അഡ്വ. കെ.ആര്. വിജയയും ഹാള്‍ വാടകയ്ക്ക് എടുക്കുന്നവര്‍ക്ക് ഒരു സ്പൂണ്‍ പോലും നല്കാന് കഴിയാത്ത അവസ്ഥയാണെന്നും ഹാള്‍ സ്ഥിതി ചെയ്യുന്ന വാര്‍ഡിലെ കൗണ്‍സിലര്‍ സി.എം. സാനിയും പറഞ്ഞു. വിമര്‍ശനങ്ങള്‍ തുടരുന്നതിനിടയില്‍ പ്രതിപക്ഷം അനാവശ്യ കാര്യങ്ങള്‍ പറഞ്ഞ് സമയം കളയുകയാണെന്നും അജണ്ടയിലേക്ക് കടക്കണമെന്നും ഭരണകക്ഷി അംഗം എം.ആര്. ഷാജു ആവശ്യപ്പെട്ടത് യോഗത്തില്‍ ഭരണപ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുള്ള വാക്പ്പോരില്‍ കലാശിച്ചു.
അജണ്ടകള്‍ക്ക് മുമ്പ് അടിയന്തര വിഷയങ്ങള്‍ക്ക് മാത്രം അവതരണാനുമതി നല്കിയാല് മതിയെന്ന് ഭരണകക്ഷി അംഗങ്ങളായ ജെയ്സന് പാറേക്കാടന്‍, ബൈജു കുറ്റിക്കാടന്‍, ബിജു പോള്‍ അക്കരക്കാരന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. താന്‍ ചുമതല ഏറ്റെടുത്തതിന് ശേഷം മൂന്ന് സ്റ്റീയറിംഗ് കമ്മിറ്റികള്‍ ചേര്‍ന്നിട്ടുണ്ടെന്നും യോഗങ്ങള്‍ ചേര്‍ന്നതിന്റെ മിനിറ്റ്സ് ഉള്ളതാണെന്നും ചാത്തന് മാസ്റ്റര്‍ ഹാളിലേക്ക് മേശയും കസേരയും വാങ്ങികകാന് തനത് ഫണ്ട് ിലവഴിക്കുന്നത് സംബന്ധിച്ച് അടുത്ത കൗണ്‍സിലില്‍ അജണ്ട വച്ചിട്ടുണ്ടെന്നും ലിഫ്റ്റ് നിര്‍മ്മാണത്തിന് വേണ്ടിയാണ് ചാത്തന് മാസ്റ്റര്‍ ഹാളിലെ വൈദ്യുതി വിച്ഛേദിച്ചിരിക്കുന്നതെന്നും വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി ചെയര്‍പേഴ്സണ്‍ വിശദീകരിച്ചു.
ഇനി വരുന്ന പൊതുപരിപാടികളില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സ്വാഗതവും വാര്‍ഡ് തല പരിപാടികളില്‍ വാര്‍ഡ് കൗണ്‍സിലര്‍ക്ക് അധ്യക്ഷ സ്ഥാനവും നല്‍കാമെന്നും ചെയര്‍പേഴ്സണ്‍ വ്യക്തമാക്കി. കിണര്‍ റീചാര്‍ജിംഗ് പദ്ധതിയുടെ നടത്തിപ്പ് വേളയില്‍ തന്നെ മഴപ്പൊലിമ എജന്സിയെക്കുറിച്ച് താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണെന്നും അന്നത്തെ ചെയര്‍പേഴ്സണ്‍ യോഗത്തെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും നിയമവിരുദ്ധമായിട്ടാണ് മഴപ്പൊലിമ എജന്‍സിയുമായി കരാര്‍ ഒപ്പിട്ടതെന്നും നഗരസഭ ഗുണഭോക്താക്കളെ വഞ്ചിക്കുകയായിരുന്നുവെന്നും നഷ്ടപ്പെട്ട തുക എജന്‍സിയില്‍ നിന്ന് തിരിച്ച് പിടിക്കണമെന്നും എല്‍ഡിഎഫ് അംഗം കെ. പ്രവീണ്‍ ഇതുമായി ബന്ധപ്പെട്ട ഓഡിറ്റ് പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി വിമര്‍ശിച്ചു. ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയ റിപ്പോര്‍ട്ടിലെ ന്യൂനതകള്‍ പരിഹരിക്കാും മഴപ്പൊലിമയില്‍ നിന്ന് നഷ്ടം നികത്താനും നടപടികള്‍ സ്വീകരിക്കുമെന്ന് ചെയര്‍പേഴ്സണ്‍ പറഞ്ഞു. യോഗത്തില്‍ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ അധ്യക്ഷത വഹിച്ചു.