ഇരിങ്ങാലക്കുട സ്വദേശിയായ പ്രവാസി മലയാളിക്ക് യുഎഇയിലെ കപ്പലുകളുടെ പരിസ്ഥിതി പഠനത്തിന് ഡെറാഡൂണിലെ സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ്
ഇരിങ്ങാലക്കുട: ഷാര്‍ജ ആസ്ഥാനമാക്കി സോഹന്‍ റോയിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഏരീസ് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറും പ്രവാസി മലയാളിയും ഇരിങ്ങാലക്കുട സ്വദേശിയുമായ പി.ജെ. അജിത്തിനെ ഡെറാഡൂണിലെ പെട്രോളിയം ആന്‍ഡ് എനര്‍ജി സ്റ്റഡീസ് സര്‍വകലാശാല അക്കാദമിക്ക് ഡോക്ടറേറ്റ് നല്കി ആദരിച്ചു. യുഎയിലെ ഓഫ്ഷോര്‍ സപ്പോര്‍ട്ട് ഷിപ്പുകളുടെ എനര്‍ജി എഫിഷ്യന്‍സി അളക്കുന്നതിനുള്ള ഫ്രെയിം വര്‍ക്കും പെര്‍ഫോമന്‍സ് അളക്കുന്നതിനുള്ള ഒരു മാര്‍ഗരേഖയും രൂപപ്പെടുത്തിയതിനാണ് ബഹുമതി. കപ്പലുകളുടെ എണ്ണത്തില്‍ ലോകത്ത് നാലാമതായ യുഎഇ മേഖലയിലെ ഓഫ്ഷോര്‍ സപ്പോര്‍ട്ട് ഷിപ്പുകളുടെ ഊര്‍ജ്ജ കാര്യക്ഷമതയില്‍ പുരോഗതി കൈവരിക്കാനും മോണിറ്റര്‍ ചെയ്യുന്നതിനുമുള്ള ഒപ്റ്റിമല്‍ സൊല്യൂഷനുകളെക്കുറിച്ചുള്ള കണ്ടെത്തലുകളോടെയാണ് അജിത്ത് തന്റെ ഗവേഷണം അവസാനിപ്പിച്ചിരിക്കുന്നത്. നേവല്‍ ആര്‍ക്കിടെക്ചറില്‍ എന്‍ജിനീയറിംഗ് ബിരുദവും ടെക്നോളജി മാനേജ്മെന്റില്‍ എംബിഎയും നേടിയ അജിത് രണ്ടായിരത്തി ഒന്നിലാണ് ഏരീസ് മറൈനില്‍ ചേര്‍ന്നത്. ഇരിങ്ങാലക്കുട അയ്യങ്കാവ് ടെംപിള്‍ റോഡില്‍ പരേതനായ അഡ്വ. പി.ഇ. ജനാര്‍ദ്ദനന്റേയും ലൈലയുടെയും മകനാണ്. തരുണിമ ദാസ് ഭാര്യയും തമന്ന, അമര്‍ത്യ എന്നിവര്‍ മക്കളുമാണ്.