ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററിലെ പ്രതിസന്ധിക്ക് താത്കാലിക പരിഹാരം
ഇരിങ്ങാലക്കുട: ആവശ്യത്തിന് ബസുകളും ജീവനക്കാരും ഇല്ലാത്തതിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായിരുന്ന ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററിന് താത്കാലികാശ്വാസം. ഏഴ് ഡ്രൈവര്‍മാരെയും എട്ട് കണ്ടക്ടര്‍മാരെയും അനുവദിച്ചതോടെ നിര്‍ത്തിവെച്ചിരുന്ന എറണാകുളം, ഗുരുവായൂര്‍, കോട്ടയം അടക്കമുള്ള സ്ഥിരംസര്വീസുകളെല്ലാം പുനരാരംഭിച്ചു. കോയമ്പത്തൂര്‍ സര്‍വീസടക്കം മൂന്ന് സ്വിഫ്റ്റുള്പ്പടെ 16 സര്‍വീസുകള്‍ ഇരിങ്ങാലക്കുടയില്‍നിന്ന് ഓപ്പറേറ്റ് ചെയ്യാന്‍ കഴിയുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നേരത്തേ പ്രതിസന്ധിമൂലം ആറ് ഓര്‍ഡിനറി ബസുകള്‍ മാത്രമാണ് ഇവിടെ നിന്ന് സര്‍വീസ് നടത്തിയിരുന്നത്. മൂന്ന് കെ സ്വിഫ്റ്റ് സര്‍വീസുകളും കോയമ്പത്തൂര്‍ അടക്കം ആറ് ഫാസ്റ്റുകളും ഏഴ് ഓര്‍ഡിനറി ബസുകളും സര്‍വീസ് നടത്തും.
എന്നാല്‍, ജീവനക്കാരില്ലാത്തതിനാല്‍ അനുമതികിട്ടിയ മെഡിക്കല്‍ കോളജ്, വെള്ളാനിക്കാട്, മതിലകം, നെടുമ്പാശേരി എന്നീ സര്‍വീസുകളൊന്നും ആരംഭിക്കാന്‍ സാധിച്ചിട്ടില്ല. 36 വീതം ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും വേണ്ടിടത്ത് നിലവില്‍ 31 കണ്ടക്ടര്‍മാരും 24 ഡ്രൈവര്‍മാരുമാണുള്ളത്. പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകണമെങ്കില്‍ 13 പേരെ ഇനിയും ലഭിക്കണം. അതിനായി അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം കെഎസ്ആര്‍ടിസിക്ക് അധികവരുമാനമുണ്ടാക്കിയിരുന്ന ഉല്ലാസയാത്രകള്‍ പുനരാരംഭിക്കാന്‍ ഇനിയും കാത്തിരിക്കേണ്ട അവസ്ഥയാണ്.
അവധി ദിവസങ്ങളില്‍ നടത്തിവന്ന നെല്ലിയാമ്പതി, വയനാട്, വാഗമണ്‍, മൂന്നാര്‍ ജംഗിള്‍ സഫാരി, മലക്കപ്പാറ, സൈലന്റ്വാലി, ഗവി എന്നീ സ്ഥലങ്ങളിലേക്ക് നടത്തിവന്നിരുന്ന ഉല്ലാസയാത്രകളാണ് ആവശ്യത്തിന് ബസും ജീവനക്കാരുമില്ലാത്തതിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ചത്. ഓരോ സീസണിലും അഞ്ചു ലക്ഷത്തോളം രൂപ അധികമായി വരുമാനമുണ്ടാക്കാന്‍ ഈ ഉല്ലാസയാത്രകളിലൂടെ സാധിച്ചിരുന്നു. ബസുകളുടെയും ജീവനക്കാരുടെയും കുറവ് പലതവണ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും തീരുമാനമായിട്ടില്ല.