സിപിഎം നേതാവിന്റെ കെട്ടിടം സംരക്ഷിക്കുവാന്‍ വേണ്ടി കാന നിര്‍മാണം അട്ടിമറിക്കുന്നതായി: ബിജെപി
തര്‍ക്കങ്ങള്‍ക്കൊടുവില്‍ നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നല്കി പൊതുമരാമത്ത് അധികൃതര്‍
ഇരിങ്ങാലക്കുട: സിപിഎം നേതാവിന്റെ കെട്ടിടം സംരക്ഷിക്കുവാന്‍ വേണ്ടി റോഡിന്റെ വശങ്ങളിലെ കാന നിര്‍മാണം അട്ടിമറിക്കുന്നതായി ബിജെപി ആരോപിച്ചു. ഇരിങ്ങാലക്കുട-തൃശൂര്‍ റോഡില്‍ മാപ്രാണം സെന്ററില്‍ നടക്കുന്ന കാന നിര്‍മാണത്തിന്റെ ഭാഗമായി സെന്ററിലുള്ള ബഹുനില കെട്ടിടത്തിന്റെ കയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നടപടി സ്വീകരിക്കുന്നില്ലെന്നായിരുന്നു ആരോപണം. സിപിഎം പ്രാദേശിക നേതാവിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമായതിനാലാണു പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അലംഭാവം കാണിക്കുന്നതെന്നു ബിജെപി ആരോപിച്ചു. പൊതുനിരത്തുകളിലെ കയേറ്റങ്ങള്‍ പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് സെപ്തംബര്‍ 16 നു പൊതുമരാമത്ത് വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു.
മാപ്രാണം സെന്ററില്‍ കിഴക്കു ഭാഗത്തു നിന്നു വടക്കോട്ട് കോണ്‍ക്രീറ്റ് കാനയുടെ നിര്‍മാണമാണു ഇപ്പോള്‍ നടക്കുന്നത്. കയേറ്റങ്ങള്‍ പൊളിച്ചു റോഡിനു വീതി കൂട്ടിയിട്ടാണു കാന നിര്‍മിക്കുന്നത്. പൊളിക്കേണ്ട ഭാഗം അളന്നു തിട്ടപ്പെടുത്തി പിഡബ്ല്യുഡി അടയാളപ്പെടുത്തിയും കൊടുത്തിട്ടുണ്ട്. ഇതനുസരിച്ച് നിരവധി പേര് മതിലുകളും കെട്ടിടങ്ങളുടെ മുന്വശങ്ങളും പൊളിച്ച് പിഡബ്ല്യുഡി ഉത്തരവ് അനുസരിച്ച് കാനനിര്മാണത്തിനു സൗകര്യം ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ഈ നിര്‍മാണം വടക്കു ഭാഗത്തു നിന്നു തെക്കോട്ട് മാപ്രാണം സെന്ററില്‍ എത്തുന്നതിനു തൊട്ടുമുമ്പായി നിലച്ച മട്ടിലാണ്. ഇവിടെയാണു സിപിഎം നേതാവിന്റെ ബഹുനില കെട്ടിടം സ്ഥിതി ചെയ്യുന്നത്. ഏകദേശം രണ്ടു മീറ്ററിലധികം ഈ കെട്ടിടം പുറമ്പോക്ക് കയേറിയിട്ടാണു നില്‍ക്കുന്നതെന്നാണു ആരോപണം. ഇവര്‍ക്കും കയേറ്റം പൊളിച്ചു നീക്കുവാന്‍ പിഡബ്ല്യുഡി അടയാളപ്പെടുത്തി നോട്ടീസ് നല്‍കിയിട്ടുണ്ടെങ്കിലും ഇവര്‍ ഒന്നും ചെയ്തിട്ടില്ല.
പകരം രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കാന നിര്‍മാണം നിര്‍ത്തിവെപ്പിച്ചു. നിയമാനുസരണം കയേറ്റം പൊളിക്കേണ്ടി വന്നാല്‍ ബഹുനില കെട്ടിടത്തിന്റെ മുന്‍ഭാഗം മൊത്തമായി തന്നെ പൊളിക്കേണ്ടി വരും. അതിനാല്‍ സിപിഎം നേതാവായ ഇദ്ദേഹത്തിന്റെ കെട്ടിടത്തെ പൊളിക്കലില്‍ നിന്നു ഒഴിവാക്കുവാനാണു പിഡബ്ല്യുഡി ശ്രമമെന്നു ബിജെപി ആരോപിച്ചു. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ അനുവദിച്ച 20 ലക്ഷം രൂപ ഉപയോഗിച്ച് 300 മീറ്ററിലുള്ള കാനനിര്മാണമാണു നടക്കുന്നതെന്നും ബഹുനില കെട്ടിടത്തിന്റെ കയേറ്റങ്ങള്‍ പൊളിക്കുന്നതു പഴക്കമുള്ള കെട്ടിടത്തിന്റെ ബലക്ഷയത്തിനു കാരണമാകുമെന്ന് സ്ഥലത്ത് എത്തിയ പൊതുമരാമത്ത് വകുപ്പ് എഇ എം.ആര്. മിനി പറഞ്ഞു. എന്നാല്‍ കെട്ടിടം പുറമ്പോക്കില്‍ ആണെങ്കില്‍ പൊളിക്കാന്‍ തയാറാകണമെന്നും അല്ലെങ്കില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന കാന നിര്‍മാണം തടയുമെന്നും ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞു. ഇരുകൂട്ടരും നിലപാടില്‍ ഉറച്ചു നിന്നത് വാക്കേറ്റത്തിനും കാരണമായി.
49.5 ലക്ഷം രൂപ ചെലവ് ചെയ്തു മാപ്രാണം ജംഗ്ഷന്റെ വീതി കൂട്ടല്‍ പ്രവൃത്തി ആരംഭിക്കാന്‍ നടപടികള്‍ ആകുന്നതേയുള്ളൂവെന്നും കെട്ടിടത്തിന്റെ കയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതു പ്രസ്തുത പണിയുടെ ഭാഗമായിട്ടാണു വരുന്നതെന്നും പണികള്‍ ആരംഭിക്കുന്നതോടെ കെട്ടിടത്തിന്റെ കയേറ്റങ്ങളും ഒഴിപ്പിക്കാമെന്നു ഒടുവില്‍ ഉദ്യോഗസ്ഥര്‍ ഉറപ്പു നല്കി. മാപ്രാണം നന്തിക്കര റൂട്ടില്‍ 100 മീറ്ററോളം ദൂരത്തില്‍ റോഡ് 11 മീറ്ററായി വികസിപ്പിക്കാനാണു ലക്ഷ്യമിടുന്നതെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. ബിജെപി മുന്‍സിപ്പല്‍ കമ്മിറ്റി പ്രസിഡന്റും കൗണ്‍സിലറുമായ സന്തോഷ് ബോബന്, നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ഷൈജു കുറ്റിക്കാട്, സെക്രട്ടറി ഷാജുട്ടന്‍, ശ്യാംജി മാടത്തിങ്കല്‍, സ്വരൂപ്, സന്തോഷ് കാര്യാടന്‍, ശ്രീജന് തുടങ്ങിയവര്‍ സംഭവ സ്ഥലത്ത് എത്തിയിരുന്നു.