പരാതി പറഞ്ഞു മടുത്തു; അധികൃതര്‍ കനിഞ്ഞില്ല, ഒടുവില്‍ കര്‍ഷകര്‍ സ്വന്തം ചിലവില്‍ നടപ്പാലം നിര്‍മിച്ചു
കരുവന്നൂര്‍: താമരവളയം കനാലിന് കുറുകെയുള്ള തകര്‍ന്ന മുള പാലം സ്വന്തം ചെലവില്‍ നിര്‍മിച്ച് കര്‍ഷകര്‍. ഇരിങ്ങാലക്കുട നഗരസഭയിലെ രണ്ട്, നാല് ഡിവിഷനുകളെ ബന്ധിപ്പിക്കുന്ന കിഴക്കേ പുഞ്ചപ്പാടത്തെ കനാലിനു കുറുകെയുള്ള പാലം കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ശക്തമായ ഒഴുക്കില്‍പ്പെട്ടാണു തകര്‍ന്നത്. കരുവന്നൂര്‍പ്പുഴയില്‍ നിന്ന് പുത്തന്തോടുമായി ബന്ധിപ്പിക്കുന്ന താമരവളയം കനാലിലെ താല്‍ക്കാലിക പാലം മാറ്റി സ്ഥിരം സംവിധാനം ഒരുക്കാന്‍ നഗരസഭ തയാറാകണം എന്നത് മേഖലയിലെ കര്‍ഷകരുടെ ഏറെ നാളായുള്ള ആവശ്യമാണ്.
നഗരസഭയുടെ ആസ്തി വികസന രേഖയില്‍ ഉള്‍പ്പെടാത്ത കാരണത്താലാണ് തകര്‍ന്ന് വീണ താല്‍ക്കാലിക പാലം നിര്‍മിക്കാന്‍ നഗരസഭ നടപടി എടുക്കാത്തതെന്ന് കര്‍ഷകര്‍ പറയുന്നു. മുന്‍ കാലങ്ങളില്‍ നഗരസഭ പാലം നിര്‍മിച്ചെങ്കിലും ഇറിഗേഷന്റെ കീഴിലുള്ള തോടിനു മുകളില്‍ നിര്‍മാണം നടത്തുന്നത് നിയമ വിരുദ്ധമാണെന്നാണ് അധികൃതര്‍ പറയുന്നത്. കനാലിന്റെ മറുകരയില്‍ ഏകദേശം 20 ഏക്കര്‍ ഭൂമിയില്‍ തെങ്ങ്, വാഴ മറ്റു പച്ചക്കറികള്‍ കൃഷി ചെയ്യുന്ന പ്രദേശമാണ്.
നിലവില്‍ കൃഷി ആവശ്യത്തിനുള്ള വിത്തും വളവും ഉപകരണങ്ങളും മറ്റും ഇരുഭാഗത്തേക്കും കൊണ്ടുപോകാന്‍ കര്‍ഷകര്‍ വഞ്ചിയും മറ്റു സംവിധാനങ്ങളുമാണ് ആശ്രയിക്കുന്നത്. പാലം തകര്‍ന്നതോടെ പരിചരണം ലഭിക്കാതെ പല കര്‍ഷകരുടെയും കൃഷികള്‍ നശിച്ച അവസ്ഥയാണ്. ഇതോടെയാണ് കര്‍ഷകര്‍ മുളയും കവുങ്ങും ഉപയോഗിച്ച് പാലം നിര്‍മാണം നടത്തിയത്.
നേരത്തെ കര്‍ഷകരുടെയും മേഖലയിലെ കൗണ്‍സിലര്‍ അല്‍ഫോണ്‍സ തോമാസിന്റെയും പരാതിയെ തുടര്‍ന്ന് പൊറത്തിശേരി കൃഷി ഓഫീസര്‍ സ്ഥലം സന്ദര്‍ശിച്ച് പാലത്തിന്റെ കാര്യങ്ങള്‍ മനസ്സിലാക്കിയെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ല. താല്‍ക്കാലിക പാലത്തിന് പകരം സ്ഥിരം സംവിധാനം നിര്‍മിക്കാനുള്ള സ്ഥലം വിട്ടു നല്കാന് ഇരു ഭാഗത്തും ഉള്ളവര്‍ തയാറാണ്. വിഷയം സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി ആര്. ബിന്ദുവിന്റെ ശ്രദ്ധയില്‍ പെടുത്തിയതായി കൗണ്‍സിലര്‍ അല്‍ഫോന്‍സ തോമസ് പറഞ്ഞു.